| Thursday, 7th August 2025, 12:14 pm

രണ്ടാം വിവാഹമോചനത്തിലും ജീവനാംശത്തിന് സ്ത്രീക്ക് അര്‍ഹതയുണ്ട്: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ വിവാഹത്തില്‍ നിന്ന് ലഭിക്കുന്ന ജീവനാംശമോ സാമ്പത്തിക ആനുകൂല്യങ്ങളോ രണ്ടാം വിവാഹത്തില്‍ ജീവനാംശം കുറയ്ക്കുന്നതിനോ നിഷേധിക്കുന്നതിനോ കാരണമാകില്ലെന്ന് സുപ്രീം കോടതി. ആദ്യ വിവാഹത്തില്‍ നിന്ന് നല്ലൊരു തുക ജീവനാംശമായി ലഭിച്ചതിനാല്‍ രണ്ടാം വിവാഹത്തിലെ ജീവനാംശത്തിന് സ്ത്രീക്ക് അര്‍ഹതയില്ലെന്ന ഭര്‍ത്താവിന്റെ വാദം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗാര്‍ഹിക പീഡനം ആരോപിച്ച് യുവതി നല്‍കിയ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നും വിവാഹമോചനം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാന്‍ ദമ്പതികള്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് യുവതി ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടന്ന് ഭര്‍ത്താവ് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഗാര്‍ഹിക പീഡന കേസ് റദ്ദാക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. ഇതേതുടര്‍ന്നാണ് ഹരജിക്കാരന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഓരോ വിവാഹവും വ്യത്യസ്തമാണെന്നും വിവാഹത്തിന്റെ തകര്‍ച്ചയില്‍ നിന്ന് ഉണ്ടാകുന്ന ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അതുപോലെ തന്നെയാണെന്നും കോടതി വ്യക്തമാക്കി. മുംബൈയിലെ തിരക്കേറിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന നാല് കോടി വിലമതിക്കുള്ള ഫ്‌ളാറ്റോ പന്ത്രണ്ട് കോടി രൂപയോ ആണ് യുവതി ജീവനാംശമായി ആവശ്യപ്പെട്ടത്.

തന്റെ ആദ്യ വിവാഹത്തിലെ ഓട്ടിസം ബാധിച്ച കുട്ടിയെ പരിപാലിക്കുന്നതിനായി സ്വകാര്യ ബാങ്കിലെ ജോലി ഉപേക്ഷിച്ചതിനാല്‍ ഇപ്പോള്‍ തൊഴില്‍ രഹിതനാണെന്നും ഈ തുക നല്‍കാനാകില്ലെന്നും ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു. ഒരു വര്‍ഷവും ഒമ്പത് മാസവും നണ്ടുനിന്ന വിവാഹ ജീവിതം വീണ്ടെടുക്കാനാകാത്തവിധം തകര്‍ന്നുവെന്ന് കണ്ടെത്തിയ കോടതി ഹരജിക്കാരന്‍ വാഗ്ദാനം ചെയ്ത നാല് കോടിയുടെ ഫ്‌ലാറ്റ് എന്ന ഒത്തുതീര്‍പ്പ് ന്യായമാണെന്നും വിലയിരുത്തി.

ഓട്ടിസം ബാധിച്ച കുട്ടിയെ പരിപാലിക്കാനുള്ള ഉത്തരവാദിത്തവും നിലവിലെ സാമ്പത്തിക സ്ഥിതിയും പരിഗണനാ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ കൂടുതല്‍ ജീവനാംശത്തിന് വേണ്ടിയുള്ള യുവതിയുടെ അവകാശവാദം കോടതി അംഗീകരിച്ചില്ല. ഈ മാസം 30നകം ജീവനാംശം നടപ്പാക്കാന്‍ ഭര്‍ത്താവിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

Content Highlight: Supreme Court says Woman is entitled to alimony even in second divorce

We use cookies to give you the best possible experience. Learn more