ന്യൂദല്‍ഹി: രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളെ ജോലി സ്ഥലങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന (തടയല്‍, നിരോധനം, പരിഹാരം) നിയമം 2013ന് (പോഷ്) കീഴില്‍ കൊണ്ടുവരണമെന്ന ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആഭ്യന്തര പരാതിപരിഹാര സമിതി(ഐ.സി.സി) രൂപവത്കരിക്കുന്നത് നിര്‍ബന്ധമല്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയാണ് കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തനം ഒരു ജോലിയല്ലെന്നും പാര്‍ട്ടികളെ നിയമത്തിന് കീഴില്‍ കൊണ്ടുവന്നാല്‍ ബ്ലാക്ക് മെയിലിങ് ഉള്‍പ്പടെ നടന്നേക്കാമെന്നും പറഞ്ഞാണ് കോടതി ഹരജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിലാണ് ഹരജി പരിഗണനയ്ക്ക് വന്നത്.
‘എങ്ങനെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ജോലി സ്ഥലമായി കണക്കാക്കുക? അവിടെ എന്തെങ്കിലും ജോലിയുണ്ടോ? ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ജോലി കിട്ടില്ല. നിങ്ങളുടെ പ്രവര്‍ത്തങ്ങള്‍ക്ക് അവിടെ ശമ്പളവുമില്ല.അതിനാല്‍ എങ്ങനെ രാഷ്ട്രീയ പാര്‍ട്ടികളെ ഈ നിയമത്തില്‍ കീഴില്‍ കൊണ്ടുവരും?,’ കോടതി പറഞ്ഞു.
ഒരുപാട് സ്ത്രീകള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സി.പി.ഐ.എമ്മില്‍ മാത്രമാണ് ഒരു ആഭ്യന്തര പരാതിപരിഹാര സമിതി (ഐ.സി.സി)യുള്ളതെന്നും ഹരജിക്കാരിയായ യോഗമായ ജിയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത വാദിച്ചു. കോണ്‍ഗ്രസിലും ബി.ജെ.പിയിലും മതിയായ ഐ.സി.സി സംവിധാനമില്ല. എ.എ.പി അവരുടെ കമ്മിറ്റിയെ കുറിച്ച് സുതാര്യമായ വിവരം നല്‍കിയില്ലെന്നും ഹരജിക്കാര്‍ ആരോപിച്ചു.
ഇത് രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഒരു പരിഹാരവുമില്ലാത്ത അവസ്ഥയുണ്ടാക്കുന്നു. സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കണമെന്നും ഭരണഘടന അനുശാസിക്കുന്നതിനാല്‍ ഈ നിയമം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ ബാധകമാക്കണമെന്നും ഹരജിയില്‍ വാദിച്ചു.
എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം പ്രതിഫലമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതിനാല്‍ അത് ജോലിയല്ലെന്ന് പറഞ്ഞ് ഹരജി തള്ളുകയായിരുന്നു. നേരത്തെ, ഹരജിക്കാരി രാഷ്ട്രീയ പാര്‍ട്ടികളെ പോഷ് നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. അത് പിന്‍വലിച്ച് കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹരജി നല്‍കുകയായിരുന്നു.
Content Highlight: Supreme Court says that Political parties is not workplace and cannot bring under POSH act