| Sunday, 18th October 2015, 9:32 am

സ്വവര്‍ഗാനുരാഗിയായ ജഡ്ജിനെ നിയമിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞേക്കും: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗാനുരാഗിയായ ജഡ്ജുമാരെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞേക്കുമെന്ന് സുപ്രീം കോടതി.

” ജഡ്ജുമാരെ നിയമിപ്പിക്കുമ്പോള്‍ അവരുടെ ലൈംഗിക ചായവ് ഭരണവിഭാഗം എതിര്‍പ്പിന്റെ വിഷയമായി ഉന്നയിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവന്റെ/ അവളുടെ ലൈംഗിക ചായ്‌വ് നിയമപരമായ കര്‍ത്തവ്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനെയും മികച്ച ജഡ്ജിയായി മാറാനുള്ള കഴിവിനെയും സ്വാധീനിക്കുമെന്ന അഭിപ്രായം ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനുണ്ടാവാനുള്ള സാധ്യതയില്ല. ” ജസ്റ്റിസ് മദന്‍ ബി ലോകുര്‍ പറഞ്ഞു.

കഴിഞ്ഞ 22 വര്‍ഷത്തിനിടെ സുപ്രീം കോടതി കൊളീജിയം പ്രഖ്യാപിത സ്വവര്‍ഗാനുരാഗിയെ ജഡ്ജിയായി നിയമിച്ചിട്ടില്ല. യു.എസ്, കാനഡ, യു.കെ ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ എല്‍.ജി.ബി.ടി കമ്മ്യൂണിറ്റികളില്‍ നിന്നുളളവര്‍ ജഡ്ജായി സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നിട്ടും ഇവിടുത്തെ കോടതി ഇതുവരെ അതിനു മുതിര്‍ന്നിട്ടില്ല.

രാജ്യത്തെ ഇപ്പോഴത്തെ ഭരണാധികാരികള്‍ സ്വവര്‍ഗാനുരാഗികളെ ജഡ്ജിമാരായി നിയമിക്കുന്നത് എതിര്‍ത്തേക്കുമെന്ന ജസ്റ്റിസ് ലോകുറിന്റെ പ്രസ്താവനയെ തള്ളി മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ രംഗത്തെത്തിയിട്ടുണ്ട്.

“മികച്ച കാഴ്ചപ്പാടുള്ള രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇതുപോലെ യാഥാസ്ഥിതികരായ എക്‌സിക്യുട്ടീവ് ആകാന്‍ കഴിയില്ല.” സാല്‍വെ പറയുന്നു.

സ്വവര്‍ഗാനുരാഗികളായ മുതിര്‍ന്ന പുരുഷന്മാര്‍ക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന 1860ലെ നിയമമായ ഐ.പി.സി 377 പിന്‍വലിക്കാനുള്ള ദല്‍ഹി ഹൈക്കോടതിയുടെ വിധിയെ 2013ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. സ്വവര്‍ഗാനുരാഗികളുടെ വിഷയത്തിലുള്ള കോടതിയുടെ തന്നെ യാഥാസ്ഥിതിക മനോഭാവം വ്യക്തമാക്കുന്നതായിരുന്നു ഇത്.

ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിക്കുന്നതിനു പകരം എല്‍.ജി.ബി.ടികളോട് പാര്‍ലമെന്റില്‍ പോയി നിയമം മാറ്റാന്‍ പറഞ്ഞ സുപ്രീം കോടതിയുടെ നടപടിയെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് എന്നാണ് സാല്‍വെ വിശേഷിപ്പിച്ചത്.

സ്വവര്‍ഗാനുരാഗം എന്ന വാക്ക് ഉരുവിട്ടാല്‍ തന്നെ “കസേരയില്‍ നിന്നും വീഴുന്നത്ര” യാഥാസ്ഥിതികരാണ് ജഡ്ജിമാര്‍ എന്നാണ് സാല്‍വെ ടി.വി ചാനലുകളോട് പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more