| Thursday, 5th November 2026, 7:22 pm

അന്യായമായ തടവിനെതിരെ സുപ്രീംകോടതി: അമിത് ഷാ കര്‍ണാലില്‍ സര്‍ക്കസ് കാണിക്കുമ്പോള്‍ അടിച്ചമര്‍ത്തല്‍ ഫാക്ടറി അടച്ചുപൂട്ടിയെന്ന് കോണ്‍ഗ്രസ്

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: ഒരാളെ കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതലാണ് ഭരണഘടനയുടെ 22(2) അനുച്ഛേദ പ്രകാരമുള്ള 24 മണിക്കൂര്‍ സമയപരിധി ആരംഭിക്കുന്നതെന്ന് സുപ്രീംകോടതി. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല സമയപരിധി കണക്കാക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി സമയപരിധി ലംഘിച്ച് കസ്റ്റഡിയില്‍ പാര്‍പ്പിച്ച നാല് പേരെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ടു.

കേന്ദ്രസര്‍ക്കര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ഫാക്ടറികള്‍ സുപ്രീം കോടതി അടച്ചുപൂട്ടിയെന്ന് വിധിയെ സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പറഞ്ഞു.

2025 സെപ്റ്റംബര്‍ 29ന് ഉച്ചയ്ക്ക് രണ്ടിന് ത്രിപുരയില്‍ നടത്തിയ പരിശോധനയുടെയും പിടിച്ചെടുക്കലിന്റെയും ഭാഗമായി നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ 11 മണിക്കാണ് ഇവരുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

കസ്റ്റഡിയിലെടുത്ത സമയം മുതലാണ് 24 മണിക്കൂര്‍ കണക്കാക്കേണ്ടതെന്ന് നിരീക്ഷിച്ച കോടതി, ഏകദേശം 18 മണിക്കൂറോളം ഇവര്‍ ജുഡീഷ്യല്‍ മേല്‍നോട്ടമില്ലാതെ കസ്റ്റഡിയില്‍ കഴിഞ്ഞതായി കണ്ടെത്തി. ഇത് ഭരണഘടനയുടെ അനുച്ഛേദം 22(2)ന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഉജ്ജല്‍ ഭുയാന്‍, അതുല്‍ എസ്. ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നവംബര്‍ 5ന് ജസ്റ്റിസ് ഭുയാന്‍ കോടതിയില്‍ വിധിയുടെ പ്രധാന നിഗമനങ്ങള്‍ വായിച്ചു.

പൊലീസ്  കസ്റ്റഡിയിലെടുക്കുന്ന ഒരാളെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം, കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതലാണ് സമയം കണക്കാക്കുന്നത് . പൊലീസിന് തോന്നുമ്പോള്‍ രജിസ്റ്ററില്‍ ‘അറസ്റ്റ്’ എന്ന് എഴുതുന്ന നിമിഷം മുതലല്ല, കോടതിയിലേക്കുള്ള യാത്രയ്ക്ക് ശരിക്കും ആവശ്യമായ സമയം മാത്രമേ ഒഴിവാക്കാനാകൂ, മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ 24 മണിക്കൂറില്‍ കൂടുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്ന ഏതൊരാളെയും ഉടന്‍ വിട്ടയക്കണം എന്നിവയാണ് കോടതിയുടെ വിധിയിലുള്ളത്.

കര്‍ണാലില്‍ സര്‍ക്കസ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സുപ്രിംകോടതി കടന്നുവന്ന് അമിത് ഷായുടെ അടിച്ചമര്‍ത്തല്‍ ഫാക്ടറി അടച്ചുപൂട്ടിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എക്‌സില്‍ കുറിച്ചു.

വര്‍ഷങ്ങളായി ഒരാളെ പിടിച്ചുകൊണ്ടുപോയി അതിനെ ചോദ്യം ചെയ്യല്‍ എന്നും പേപ്പര്‍വര്‍ക്കും എന്നൊക്കെ വിളിച്ച് പൊലീസിന് സൗകര്യമുള്ളപ്പോള്‍ മാത്രം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതായിരുന്നു രീതി എന്ന് പവന്‍ ഖേര പറഞ്ഞു.

ഈ സമയത്തിനുള്ളില്‍ തങ്ങളുടെ എത്ര മക്കള്‍ അപ്രത്യക്ഷരായി എന്ന് കശ്മീരിലെയും പഞ്ചാബിലെയും ഛത്തീസ്ഗഡിലെയും കുടുംബങ്ങളോട് ചോദിക്കു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇനി അത് നടക്കില്ല. ഭരണഘടന വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. അത് പോലീസിന് മറികടക്കാവുന്ന ഒരു പചാരികത മാത്രമല്ല, കോടതി ഇപ്പോള്‍ അത് പറഞ്ഞിരിക്കുന്നു. അതിനാല്‍ പറയൂ മിസ്റ്റര്‍ ഷാ, ആഭ്യന്തര മന്ത്രാലയത്തിലെ താങ്കളുടെ മധുവിധു അവസാനിച്ചു എന്ന് താങ്കള്‍ക്ക് മനസ്സിലായിത്തുടങ്ങിയോ?,’ പവന്‍ ഖേര കുറിപ്പില്‍ പറഞ്ഞു.

ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലാണ് 24 മണിക്കൂര്‍ ആരംഭിക്കുന്നതെന്ന വാദം കോടതി തള്ളി. അത്തരമൊരു നിലപാട് ഭരണഘടനയുടെ അനുച്ഛേദം 22(2)ന്റെയും ബി.എന്‍.എസ്.എസ് വകുപ്പ് 56ന്റെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയുടെയോ അന്വേഷണത്തിന്റെയോ സമയം 24 മണിക്കൂര്‍ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നും അറസ്റ്റ് നടന്ന സ്ഥലത്തുനിന്ന് മജിസ്‌ട്രേറ്റിന്റെ കോടതിയിലെത്താനുള്ള യാത്രാസമയം മാത്രമാണ് ഒഴിവാക്കാവുന്നതെന്നും കോടതി വ്യക്തമാക്കി.

Content Highlight: Supreme Court Rules 24-Hour Magistrate Production Deadline Runs From Detention, Not Formal Arrest.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more