| Monday, 12th November 2018, 11:17 am

അയോധ്യാ കേസില്‍ ഉടന്‍ വാദം കേള്‍ക്കില്ല; ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യാ കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

കേസില്‍ വേഗത്തില്‍ വാദം കേള്‍ക്കില്ല. കേസ് ജനുവരിയില്‍ മാത്രമേ പരിഗണിക്കൂവെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിക്കുന്ന തിയ്യതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്നാണ് ഒക്ടോബര്‍ 29ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ഈ ഉത്തരവു വന്ന സാഹചര്യത്തിലായിരുന്നു കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ കോടതിയെ സമീപിച്ചത്.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെയുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ പതിനാറ് ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്. അനുയോജ്യമായ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതിന്റെ തിയ്യതി തീരുമാനിക്കുമെന്നാണ് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പറഞ്ഞത്.

Also Read:അയോധ്യക്കേസ് മാറ്റിവെച്ചത് ബി.ജെ.പിക്ക് തിരിച്ചടി

രാഷ്ട്രീയ നേട്ടത്തിനായി കേസ് ഉപയോഗിക്കുമെന്നതിനാല്‍ തെരഞ്ഞെടുപ്പിനുശേഷം വാദം കേള്‍ക്കണമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാറും ഉത്തര്‍പ്രദേശ് സര്‍ക്കാറും പഴയ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടത്.

അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് തര്‍ക്കഭൂമി നിര്‍മോഹി അഖാഡയ്ക്കും രാംലല് വിരാജ്മനിനും സുന്നി വഖഫ് ബോര്‍ഡിനുമായി വിഭജിച്ചു നല്‍കുന്നതായിരുന്നു 2010ലെ അലഹബാദ് ഹൈക്കോടതി വിധി.

We use cookies to give you the best possible experience. Learn more