ന്യൂദല്‍ഹി: പൊതുവായ ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമയ്ക്ക് പുനരധിവാസത്തിനോ പകരം ഭൂമിക്കോ മൗലികാവകാശമില്ലെന്ന് സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കുമ്പോള്‍ മാന്യമായ നഷ്ടപരിഹാരമാണ് ഭരണഘടന ഉറപ്പുനല്‍കുന്നതെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ജെ.ബി. പര്‍ദീവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.ഹരിയാനയില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ പകരം ഭൂമി ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി.
ജീവിക്കാനും ഉപജീവനത്തിനുമുള്ള അവകാശത്തെ വ്യാഖ്യാനിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍ക്ക് ബാധകമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കൈതാല്‍ ജില്ലയിലെ ഭൂവുടമകള്‍ സമര്‍പ്പിച്ച നിരവധി ഹരജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതി വിധി.
1992ലെ പുനരധിവാസ നയം പ്രകാരം ബദല്‍ റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഹരിയാന സര്‍ക്കാര്‍ പകരം ഭൂമി അനുവദിക്കാത്തത് നിയമത്തിന്റെ ലംഘനമാകില്ലെന്നും കോടതി പറഞ്ഞു.
കൂടാതെ സര്‍ക്കാരിന്റെ നയത്തില്‍ പുനരധിവാസത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കില്‍ ഭൂമിയുടമകള്‍ക്ക് പകരം ഭൂമിയും വീടും നല്‍കാന്‍ ഭരണകര്‍ത്താക്കള്‍ ബാധ്യസ്ഥരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അപൂര്‍വമായ ചില കേസുകളില്‍ മാത്രം നഷ്ടപരിഹാരത്തിന് പകരം പുനരധിവാസത്തെ കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. ഇനി പുനരധിവാസം പരിഗണനയിലുണ്ടെങ്കില്‍ ഏറ്റെടുത്ത ഭൂമിയുമായി കാലങ്ങളായി ബന്ധമുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.
ഹരിയാന നഗര വികസന അതോറിറ്റിയുടെ 2016ലെ പുതുക്കിയ നയമനുസരിച്ച് ഭൂവുടമകള്‍ക്ക് ആശ്വാസം തേടാമെന്നും കോടതി പറഞ്ഞു. ഇതിനായി അപേക്ഷ നല്‍കാന്‍ ഹരജിക്കാർക്ക് കോടതി നാലാഴ്ച സമയം അനുവദിക്കുകയും ചെയ്തു.
അതേസമയം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി അനാവശ്യ വാഗ്ദാനങ്ങള്‍ നല്‍കി പൊതുജനങ്ങളെ സര്‍ക്കാര്‍ ആശങ്കയിലാഴ്ത്തരുതെന്നും കോടതി പറഞ്ഞു. ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങളിലുണ്ടാക്കുന്ന പ്രതീക്ഷ മറ്റു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഇത്തരം ഹരജികള്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്ത നിയമവ്യഹാരങ്ങളിലേക്കാണ് നയിക്കുകയെന്നും ഈ കേസ് അതിനുദാഹരണമാണെന്നും കോടതി പറഞ്ഞു. ഈ കോടതി വിധി രാജ്യത്തെ മുഴുവന്‍ സര്‍ക്കാരുകളുടെയും കണ്ണുതുറപ്പിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശ് സര്‍ക്കാര്‍ വേഴ്‌സസ് നര്‍മദ ബച്ചാവോ ആന്ദോളന്‍ (2011), അമര്‍ജിത് സിങ് വേഴ്‌സസ് പഞ്ചാബ് സര്‍ക്കാര്‍ (2010) എന്നിവയുള്‍പ്പെടെയുള്ള കേസുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.
Content Highlight: There is no fundamental right to rehabilitation and land when land is acquired for public purposes: Supreme Court