| Tuesday, 27th January 2026, 4:40 pm

ദൈവത്തിന് മുന്‍പില്‍ വി.ഐ.പികളില്ല; പക്ഷേ കോടതിക്കത് തീരുമാനിക്കാവില്ല; വി.ഐ.പി ദര്‍ശനത്തിനെതിരായ ഹരജിയില്‍ സുപ്രീം കോടതി

യെലന കെ.വി

ന്യൂദല്‍ഹി: ഉജ്ജയിനിയിലെ പ്രസിദ്ധമായ ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വി.ഐ.പികള്‍ക്ക് നല്‍കുന്ന പ്രത്യേക ദര്‍ശന സൗകര്യങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കാന്‍ വിസമ്മറിച്ച് സുപ്രീം കോടതി.

ക്ഷേത്രത്തില്‍ ആര് എപ്പോള്‍ പ്രവേശിക്കണമെന്ന് തീരുമാനിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും, ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് കോടതികളുടെ ജോലിയല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

‘മഹാകാലന്റെ സന്നിധിയില്‍ ആരും വി.ഐ.പികളല്ല,’ എന്ന് ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ക്ഷേത്രത്തില്‍ പ്രവേശിച്ച് വഴിപാടുകള്‍ നടത്തുന്നതിന് എല്ലാവര്‍ക്കും തുല്യ അവകാശം വേണമെന്നായിരുന്നു ഹരജിക്കാരനായ ദര്‍പ്പണ്‍ അശ്വതിയുടെ വാദം.

ആരാധനാലയങ്ങളിലെ ആചാരങ്ങളും പ്രവേശനവും തീരുമാനിക്കുന്നത് അവിടുത്തെ ഭരണസമിതികളാണെന്നും അതില്‍ ഇടപെടുന്നത് കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നും ബെഞ്ച് പറഞ്ഞു.

ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യാവകാശവും ആരാധനാ സ്വാതന്ത്ര്യവും ലംഘിക്കുകയാണെന്ന് കാണിച്ചാണ് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയില്‍ എത്തിയത്.

‘ഇന്ന് തുല്യാവകാശം പറയുന്നവര്‍ നാളെ ക്ഷേത്രത്തില്‍ മന്ത്രങ്ങള്‍ ചൊല്ലുന്നത് തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് അവകാശപ്പെട്ടേക്കാം. കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ല,’ ബെഞ്ച് വ്യക്തമാക്കി.

വി.ഐ.പി എന്ന പദത്തിന് നിയമപരമായ നിര്‍വചനമില്ലെന്നും, പ്രത്യേക സാഹചര്യങ്ങളില്‍ ആര്‍ക്കൊക്കെ മുന്‍ഗണന നല്‍കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കും ക്ഷേത്ര ഭരണസമിതിക്കുമാണെന്നുമുള്ള മധ്യപ്രദേശ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പരാതികള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.ഇതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ പരാതി പിന്‍വലിച്ചത്.

ജസ്റ്റിസുമാരായ ആര്‍. മഹാദേവന്‍, ജോയ്മാല്യ ബാഗ്ചി എന്നിവരും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.

Content Highlight: Supreme Court refuses to entertain plea against ‘VIP darshan’ at Ujjain Mahakal temple

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more