| Tuesday, 26th May 2026, 4:09 pm

ബക്രീദിന് മുമ്പ് ഗോവധ നിരോധനം നടപ്പാക്കണമെന്ന് ഹിന്ദു മഹാസഭാ നേതാവിന്റെ ഹരജി; അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ബക്രീദിന് മുമ്പായി ഗോവധ നിരോധന നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അഖില ഭാരത ഹിന്ദു മഹാസഭാ മുന്‍ വൈസ് പ്രസിഡന്റ് സതീശ് കുമാര്‍ അഗര്‍വാളിന്റെ ഹരജിയാണ് അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹരജി അടിന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഈ വിഷയത്തിന് ഒരു അടിയന്തര സ്വഭാവവും ഇല്ലെന്ന് കോടതി പറഞ്ഞു.

ബക്രീദിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് സതീശ് കുമാര്‍ ഹരജി അടിയന്തര പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേയാണോ ഇത്തരമൊരു ഹരജി സമര്‍പ്പിക്കാന്‍ ഓര്‍ത്തതെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു.

ആഘോഷത്തിന് ഏതാനും ദിവസം മാത്രം ശേഷിക്കേ അടിയന്തര ഇടപെടല്‍ ഈ വിഷയത്തില്‍ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

വിഷയം അടിയന്തരമായി പരിഗണിക്കാന്‍ ഹരജിക്കാരന്റെ അഭിഭാഷകന്‍ ബരുണ്‍ കുമാര്‍ സിന്‍ഹ വാക്കാല്‍ അനുമതി തേടുകയായിരുന്നെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ബക്രീദ് മേയ് 28നായതിനാല്‍ ഈ വിഷയത്തിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് സിന്‍ഹ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വിഷയത്തില്‍ വാദം കേട്ട് കോടതിക്ക് ബോധ്യപ്പെട്ടാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമായിരുന്നെന്നും സിന്‍ഹയുടെ അഭ്യര്‍ത്ഥനയില്‍ പറയുന്നു.

പശുക്കളെ കശാപ്പില്‍ നിന്ന് സംരക്ഷിക്കാനായി ഗോവധ നിരോധന നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ നിര്‍ദേശം നല്‍കണമെന്ന് സതീശ് കുമാറിന്റെ ഹരജിയില്‍ പറയുന്നു.

ഗോവധ നിരോധന നിയമം പ്രകാരം കശാപ്പ് കേന്ദ്രങ്ങള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നിര്‍ദേശം നല്‍കണമെന്നും ഹിന്ദു സഭാ മുന്‍ വൈസ് പ്രസിഡന്റിന്റെ ഹരജിയില്‍ ആവശ്യപ്പെടുന്നു.

Content Highlight: Supreme Court refused to grant urgent hearing of a PIL seeking implementation of the law imposing a complete ban on cow slaughter ahead of Bakrid

We use cookies to give you the best possible experience. Learn more