ന്യൂദല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ വേണമെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച് ചാന്‍സലര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ഉടന്‍ വിജ്ഞാപനമിറക്കാമെന്നും കോടതി നിര്‍ദേശിച്ചു.
പുതിയ നിയമനം ഉണ്ടാകുന്നതുവരെ താത്കാലിക വി.സിമാര്‍ക്ക് തുടരാമെന്നും കോടതി പറഞ്ഞു. സര്‍വകലാശാലകളിലെ വി.സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരും ചാന്‍സലറും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്.
കുട്ടികളുടെ ഭാവിവെച്ച് രാഷ്ട്രീയം കളിക്കരുതെന്നും സര്‍വകലാശാലകളെ രാഷ്ട്രീയ വേദിയാക്കരുതെന്നും കോടതി പറഞ്ഞു. ചാന്‍സലര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഇടപെടല്‍. താത്കാലിക വി.സി നിയമനം സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ചാന്‍സലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
നേരത്തെ താത്കാലിക വി.സി നിയമനത്തില്‍ ചാന്‍സലര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും സിംഗിള്‍ ബെഞ്ചും തള്ളിയിരുന്നു. താത്കാലികമായി വി.സിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ചാന്‍സലര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
എന്നാല്‍ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണം വി.സിമാരുടെ നിയമനമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
അതേസമയം ആറുമാസത്തില്‍ അധികം വി.സിയുടെ കസേരകള്‍ ഒഴിച്ചിടാന്‍ ആവില്ലെന്നും യു.ജി.സി ചട്ടങ്ങള്‍ പ്രകാരം ചാന്‍സലര്‍ക്ക് വി.സി നിയമനത്തിനുള്ള അധികാരമുണ്ടെും രാജേന്ദ്ര ആര്‍ലേക്കര്‍ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയ ശേഷമാണ് സിംഗിള്‍ ബെഞ്ച് വി.സി നിയമനം റദ്ദാക്കിയത്.
ചാന്‍സലര്‍ നിയമിച്ച താത്കാലിക വി.സിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വി.സി ഡോ. കെ. ശിവപ്രസാദിനും സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സി സിസ തോമസിനും അധികാരം നഷ്ടമായിരുന്നു. നിലവില്‍ പുതിയ നിയമനമുണ്ടാകുന്നതുവരെ ഇവര്‍ക്ക് വി.സി സ്ഥാനത്ത് തുടരാനാകും.
Content Highlight: Don’t play politics; universities need permanent VCs, Supreme Court tells chancellors