ന്യൂദല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര ജാമ്യവ്യവസ്ഥകള്‍ റദ്ദാക്കി സുപ്രീം കോടതി. കൊലപാതക കേസിലെ രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. തൈകള്‍ നടണമെന്നത് ഉള്‍പ്പെടെയുള്ള ജാമ്യവ്യവസ്ഥകള്‍ക്കെതിരെയാണ് നടപടി.
ആറ് മുതല്‍ എട്ട് അടി വരെയുള്ള തൈകള്‍ നടുക, തൈകള്‍ നട്ടുപിടിപ്പിച്ച തോട്ടത്തിന്റെ ഫോട്ടോകള്‍ ഹാജരാക്കുക, മാസം തോറും തോട്ടത്തില്‍ പരിശോധന നടത്തുക, തോട്ടം പരിപാലിക്കാത്ത പക്ഷം ജാമ്യം റദ്ദാക്കും തുടങ്ങിയ വ്യവസ്ഥകളാണ് ഉത്തരവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് മധ്യപ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഐ.പി.സി സെക്ഷന്‍ 302 പ്രകാരമുള്ള ശിക്ഷയാണ് ഹൈക്കോടതി താത്കാലികമായി നിര്‍ത്തിവെച്ചത്. സർക്കാരിന്റെ ഹരജി പരിഗണിച്ച സുപ്രീം കോടതി, ഹൈക്കോടതിയുടേത് ഞെട്ടിപ്പിക്കുന്ന നിരീക്ഷണമാണെന്ന് പറഞ്ഞു. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍.വി. അഞ്ജരിയയും അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയ്ക്കാണ് മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പ്രകാരം ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ ജാമ്യവ്യവസ്ഥകള്‍ അടിസ്ഥാനപരമായി പിഴവുള്ളതാണെന്നും നിയമപരമായ അടിത്തറയില്ലാത്തവയാണെന്നും കോടതി പറഞ്ഞു.
മാത്രമല്ല സാമൂഹിക പ്രവര്‍ത്തനം ജുഡീഷ്യല്‍ വിലയിരുത്തലിന് പകരമാകില്ല. ശിക്ഷ താത്കാലികമായി നിര്‍ത്തിവെക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും സാമൂഹിക പ്രതിബദ്ധതയും പശ്ചാത്തലവും അടിസ്ഥാനമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
നിലവിലുള്ള ഇടക്കാല ജാമ്യാപേക്ഷകളില്‍ അന്തിമ തീരുമാനമാകുന്നതുവരെ പ്രതികളെ കസ്റ്റഡിയിലെടുക്കില്ലെന്നും കോടതി അറിയിച്ചു.
Content Highlight: Supreme Court quashes Madhya Pradesh High Court’s bizarre bail conditions