ന്യൂദല്‍ഹി: സ്വതന്ത്രവാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐക്കെതിരെ വിക്കിപീഡിയ നല്‍കിയ അപകീര്‍ത്തിപ്പെടുത്ത വിവരങ്ങള്‍ നീക്കം ചെയ്യാനുത്തരവിട്ട ദല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി. വിവരങ്ങള്‍ നീക്കം ചെയ്യാന്‍ മാധ്യമങ്ങളോട് പറയേണ്ടത് കോടതിയുടെ കടമയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഉത്തരവ് റദ്ദാക്കിയത്.
ജസ്റ്റിസുമാരായ എ.എസ്. ഓക്ക. ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുജനങ്ങളുടെയും സ്ഥാപനങ്ങശളുടെയും ഭാഗമായും പൊതുജന നീരീക്ഷണത്തിനും വിമര്‍ശനത്തിനുമായി കോടതി തുറന്നിരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണുകളാണ് ജുഡീഷ്യറിയും മാധ്യമങ്ങളുമെന്നും ബെഞ്ച് വ്യക്തമാക്കി. ഒരു ലിബറല്‍ ജനാധിപത്യം അബിവൃദ്ധിപ്പെടണമെങ്കില്‍ രണ്ടും പരസ്പരം നന്നായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
വിക്കീമീഡിയ ഫൗണ്ടേഷനെതിരെ എ.എന്‍.ഐ ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് വിശദീകരിക്കുന്ന വിക്കീപീഡിയ പേജ് നീക്കം ചെയ്യാനായിരുന്നു ദല്‍ഹി കോടതി ഉത്തരവ്. കോടതിയലക്ഷ്യവും കോടതി നടപടികളില്‍ ഇടപെടലും ഉള്‍പ്പെടുന്ന ഉള്ളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം.
ഒരു പ്രസിദ്ധീകരണം കോടതിയെയോ ജഡ്ജിമാരെയോ അപകീര്‍ത്തിപ്പെടുത്തുകയും കോടതിയലക്ഷ്യ കേസ് ഉന്നയിക്കുകയും ചെയ്താല്‍, തീര്‍ച്ചയായും കോടതി നടപടിയെടുക്കണമെന്നും എന്നാല്‍ ഇത് ഇല്ലാതാക്കാനും അത് നീക്കം ചെയ്യാനും മാധ്യമങ്ങളോട് പറയേണ്ടത് കോടതിയുടെ കടമയല്ലെന്നും ദല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
എ.എന്‍.ഐ കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരകരാണെന്ന് പരാമര്‍ശിക്കുന്ന പേജാണ് വിക്കീപീഡിയയോട് നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നത്. ഒരു വാര്‍ത്താ ഏജന്‍സിയെ ഒരു ഇന്റലിജന്‍സ് ഏജന്‍സിയുടെ കളിപ്പാവയെന്നോ സര്‍ക്കാരിന്റെ പിടിവള്ളിയെന്നോ വിളിക്കുന്നതിനേക്കാള്‍ മോശമായ മറ്റൊന്നുമില്ലെന്നും ദല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടമില്ലെങ്കില്‍ തിരിച്ച് പോകണമെന്നും വിക്കിപീഡിയക്ക് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
Content Highlight: Supreme Court quashes Delhi High Court order to remove Wikipedia comment against ANI