| Tuesday, 12th August 2025, 10:39 pm

ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ചാല്‍ തടവുകാരെ വിട്ടയക്കണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ തടവുകാരെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. ഉത്തരവ് സംബന്ധിച്ച് രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കും.

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷവും തടവുകാര്‍ ജയിലില്‍ കഴിയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

2002ലെ നിതീഷ് കട്ടാര കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട സുഖ്ദേവ് യാദവിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട കോടതി, എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും വിധി ബാധകമാണെന്ന് വ്യക്തമാക്കുകയായിരുന്നു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. 2025 മാര്‍ച്ചില്‍ സുഖ്ദേവ് യാദവ് 20 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് മോചനത്തിന് ഉത്തരവിട്ടത്.

ശിക്ഷ പൂര്‍ത്തിയാക്കിയ നിലയില്‍ സുഖ്‌ദേവിനെ വിട്ടയക്കണമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് കൈമാറാന്‍ കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും മോചനം ലഭിക്കാതെ തടവില്‍ തുടരുന്നവരുണ്ടെങ്കില്‍ അവരെ കണ്ടെത്തണമെന്നും മോചനത്തിനുള്ള തുടര്‍നടപടികളുണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം നിതീഷ് കട്ടാര കൊലപാതകക്കേസില്‍ തടവില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുഖ്‌ദേവിന് സുപ്രീം കോടതി മൂന്ന് മാസത്തെ ഫര്‍ലോ അനുവദിച്ചിരുന്നു. 20 വര്‍ഷത്തെ ശിക്ഷാ കാലയളവില്‍ ഇളവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ തീരുമാനം.

നേരത്തെ മൂന്ന് ആഴ്ചത്തേക്ക് പരോള്‍ ആവശ്യപ്പെട്ട് സുഖ്ദേവ് നല്‍കിയ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. 2024 നമ്പറിലാണ് ദല്‍ഹി ഹൈക്കോടതി അപേക്ഷ തള്ളിയത്. ഇതിനെ ചോദ്യം ചെയ്ത് സുഖ്ദേവ് യാദവ് നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

കേസിലെ മറ്റൊരു പ്രതിയായ വികാസ് യാദവിന് 25 വര്‍ഷത്തെ തടവിനാണ് സുപ്രീം കോടതി വിധിച്ചത്. 2016 ഒക്ടോബര്‍ മൂന്നിനാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.

2002 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വികാസിന്റെ സഹോദരിയും യു.പിയിലെ രാഷ്ട്രീയ നേതാവായ ഡി.പി. യാദവിന്റെ മകളുമായ ഭാരതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ കട്ടാരയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

Content Highlight: Prisoners should be released after completing their sentence: Supreme Court

We use cookies to give you the best possible experience. Learn more