| Sunday, 11th May 2025, 7:44 am

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ട്രേഡ്‌മാർക്ക് രജിസ്ട്രേഷൻ തടയണമെന്ന് ആവശ്യം; സുപ്രീം കോടതിയിൽ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ നടത്തിയ സൈനിക നടപടിയായി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ വ്യാപാരമുദ്ര രജിസ്ട്രേഷൻ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി.

അഭിഭാഷകനായ ഓം പ്രകാശ് പരിഹാർ മുഖേന ദേവ് ആശിഷ് ദുബെയാണ് ഹരജി സമർപ്പിച്ചത്. ഹരജിയിൽ വിദ്യാഭ്യാസം, വിനോദം തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന ക്ലാസ് 41 പ്രകാരം ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ വ്യാപാരമുദ്ര രജിസ്ട്രേഷൻ ആവശ്യപ്പെട്ട് അഞ്ച് വ്യക്തികൾ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്ന് പറയുന്നു.

ന്യൂദൽഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലുള്ള ട്രേഡ്‌മാർക്ക് രജിസ്ട്രികളിലാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ വ്യാപാരമുദ്ര രജിസ്ട്രേഷൻ ആവശ്യപ്പെട്ട് അപേക്ഷകൾ സമർപ്പിക്കപ്പെട്ടത്. ഇതിലൂടെ ഇന്ത്യൻ ജനതയുടെ രാജ്യസ്നേഹം എന്ന പൊതുജനവികാരം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ഹരജിക്കാരൻ വാദിച്ചു.

‘ഓപ്പറേഷൻ സിന്ദൂരിൽ രാജ്യസ്നേഹിയുടെ മാത്രമല്ല, രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെയും വികാരങ്ങൾ ഉൾപ്പെടുന്നു. 2025 ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികളായ സാധാരണക്കാരെ തൽക്ഷണം കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഓപ്പറേഷൻ സിന്ദൂരിലൂടെ നമ്മുടെ സേന രാജ്യത്തിന് വേണ്ടി ചെയ്തത്, കേവലം വാണിജ്യ നേട്ടത്തിനായി ഉപയോഗിക്കാൻ അനുവദിക്കരുത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകുന്നതിലൂടെ പൊതുജന വികാരം മുതലെടുക്കാൻ മാത്രം ആഗ്രഹിക്കുന്ന ആളുകളുടെ വാണിജ്യ താത്പര്യം അംഗീകരിക്കരുത്,’ ഹരജിക്കാരൻ പറഞ്ഞു. ടി.എം ആക്ടിലെ സെക്ഷൻ ഒമ്പത് പ്രകാരം അത്തരമൊരു വ്യാപാരമുദ്ര പുറപ്പെടുവിക്കാൻ അനുവദിക്കാൻ സാധിക്കില്ലെന്നും ഹരജിയിൽ പറയുന്നുണ്ട്.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ബുധനാഴ്ച (മെയ് 7) ട്രേഡ് മാർക്ക് രജിസ്ട്രിയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പൊതുജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് അപേക്ഷ പിൻവലിച്ചതായി പ്രഖ്യാപിക്കുകയും കമ്പനിയുടെ ഔദ്യോഗിക അംഗീകാരമില്ലാതെ ഒരു ജൂനിയർ ജീവനക്കാരൻ തെറ്റായി അപേക്ഷ സമർപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. അതിൽ ജെയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രമായ ബഹാവൽപൂരും ലഷ്‌കർ-ഇ-ത്വയ്ബയുടെ താവളമായ മുരിദ്കെയും ഉൾപ്പെടുന്നു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരെ കൂട്ടക്കൊല ചെയ്തതിന് രണ്ടാഴ്ച കഴിഞ്ഞാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ സൈനിക നീക്കം നടത്തിയത്.

Content Highlight: Supreme Court plea seeks ban on ‘Operation Sindoor’ trademark

We use cookies to give you the best possible experience. Learn more