| Thursday, 7th August 2025, 12:02 pm

അനാഥര്‍ക്ക് സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് സുപ്രീം കോടതി. സാമ്പത്തികമായി പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള 25 ശതമാനം സംവരണ സീറ്റുകളില്‍ ഇവരെ പ്രവേശിപ്പിച്ച്, സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നാണ് സംസ്ഥാനങ്ങളോട് സുപ്രീം കോടതി ഉത്തരവിട്ടത്.

2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആര്‍.ടി.ഇ) സെക്ഷന്‍ 12(1)(സി) പ്രകാരം അനാഥരെ പിന്നാക്ക വിഭാഗമായി കണക്കാക്കാനാണ് കോടതി ഉത്തരവ്. അതേസമയം മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, ദല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നാല് ആഴ്ചയ്ക്കുള്ളില്‍ മറ്റ് എല്ലാ സംസ്ഥാനങ്ങളും വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും തുടര്‍ന്ന് ഈ വിവരം സുപ്രീം കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ചതോ സ്‌കൂളുകള്‍ നിരസിച്ചതോ ആയ അനാഥ കുട്ടികളുടെ കണക്കെടുക്കാന്‍ ബെഞ്ച് നിര്‍ദേശമുണ്ട്. പ്രവേശനം നിഷേധിക്കുന്നതിനുള്ള കാരണം സര്‍വേയില്‍ രേഖപ്പെടുത്തണമെന്നും അതോടൊപ്പം, അനാഥരായ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്നും കോടതി പറഞ്ഞു.

വരാനിരിക്കുന്ന 2027 ലെ സെന്‍സസില്‍ അനാഥരായ കുട്ടികളെ ഒരു പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തി കണക്കെടുക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അനാഥ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ നടപടി തേടി അഡ്വ. പൗലോമി പവിനി ശുക്ല നല്‍കിയ ഹരജിയാണ് കോടതിപരിഗണിച്ചത്. ഇന്ത്യാ ഗവണ്‍മെന്റ് രാജ്യത്തെ അനാഥ കുട്ടികളെ കണക്കാക്കുന്നില്ലെന്നാണ് കോടതിയില്‍ ശുക്ല വാദിച്ചത്.

Content Highlight: Supreme Court orders free education for orphans in private schools

We use cookies to give you the best possible experience. Learn more