ന്യൂദല്‍ഹി: ബില്ലുകള്‍ അനിശ്ചിത കാലത്തേക്ക് പിടിച്ച് വെക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കിയാല്‍ സര്‍ക്കാരുകളെ ഗവര്‍ണറിന്റെ ചൊല്‍പ്പടിയിലാക്കുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതി. നിയമനിര്‍മാണത്തിനുള്ള അധികാരം നിയമസഭയ്ക്ക് തന്നെയാണെന്നും കോടതി നീരിക്ഷിച്ചു. ജസ്റ്റിസ് ആര്‍. ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഈ നിരീക്ഷം നടത്തിയത്. ആര്‍ട്ടിക്കിള്‍ 143 പ്രകാരമുള്ള രാഷ്ട്രപതി ദ്രൗര്‍പതി മുര്‍മുവിന്റെ റഫറന്‍സില്‍ രണ്ടാം ദിവസത്തെ വാദത്തിനിടെയാണ് കോടതിയുടെ നിരീക്ഷണം.
വാദത്തിനിടെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്ററി ജനറല്‍ തുഷാര്‍ മേത്ത നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ച് വെച്ചാല്‍ അവ മരിച്ചതായി കണക്കാക്കാമെന്ന വിചിത്ര വാദം ഉന്നയിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ഭരണഘടനയുടെ 200-ാം ആര്‍ട്ടിക്കിള്‍ പരാമര്‍ശിച്ചായിരുന്നു മേത്തയുടെ വാദം.
ആര്‍ട്ടിക്കിള്‍ പ്രകാരം ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചു വയ്ക്കാന്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമുണ്ടെന്നായിരുന്നു മേത്തയുടെ വാദം. ഒപ്പിടുക, തടഞ്ഞുവയ്ക്കുക, രാഷ്ട്രപതിക്ക് അയക്കുക, സഭയിലേക്ക് തിരിച്ചയക്കുക എന്നിവ ഗവര്‍ണര്‍ക്ക് ചെയ്യാം. ഗവര്‍ണര്‍ അനുമതി നിഷേധിച്ചാല്‍ ബില്‍ പാസാകില്ലെന്ന് മേത്ത പറഞ്ഞു
ഗവര്‍ണറുടെ അധികാരങ്ങള്‍ ഭരണഘടന കര്‍ശനമായി നല്‍കുന്നതാണെന്നും മറ്റ് ഭരണഘടനകളില്‍ സമാനമായ വ്യവസ്ഥകള്‍ എങ്ങനെ പരിഗണിക്കപ്പെടുന്നുവെന്നത് പരിശോധിക്കണമെന്നും മേത്ത ആവശ്യപ്പെട്ടു.
എന്നാല്‍ ഈ വാദം ബെഞ്ച് തള്ളിക്കളഞ്ഞു. തടഞ്ഞുവയ്ക്കാനുള്ള അധികാരം അനിശ്ചിതകാല വീറ്റോ ആയി കണക്കാക്കാമോ എന്ന് സോളിസിറ്റര്‍ ജനറലിനോട് ബെഞ്ച് ആവര്‍ത്തിച്ച് ചോദിച്ചു. ബില്ലില്‍ പരിഷ്‌കാരം നിര്‍ദേശിക്കാമെങ്കിലും അത് മരിച്ചുവെന്ന് പറയാന്‍ പറ്റില്ലെന്ന് ബെഞ്ച് പറഞ്ഞു. യുക്തിയില്ലാതെ ബില്ലുകള്‍ പിടിച്ചുവയ്ക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
നേരത്തെ, ഏപ്രില്‍ മാസത്തില്‍ സുപ്രീം കോടതി രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചിരുന്നു. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ‘ദി സ്റ്റേറ്റ് ഓഫ് തമിഴ്നാട് vs ദി ഗവര്‍ണര്‍ ഓഫ് തമിഴ്നാട് & അനോണിമസ്’ എന്ന കേസിലാണ് ഈ വിധി പുറപ്പെടുവിച്ചത്.
ഇതില്‍ വ്യക്തത തേടി രാഷ്ട്രപതി ദ്രൗര്‍പതി മുര്‍മു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ വ്യാഴാഴ്ചയും വാദം തുടരും.
Content Highlight: Supreme Court observed permitting bills withholding will make State Government at the whim of Governors