ന്യൂദൽഹി: അവിവാഹിതരായ അമ്മമാരുടെ കുട്ടികൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ ഒരുങ്ങി സുപ്രീം കോടതി. അതുവഴി പിതാവിന്റെ ഭാഗത്തുനിന്നുള്ള രേഖകൾ നൽകാതെ തന്നെ കുട്ടികൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റുകൾ ലഭിക്കും.
ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. എം.സി.ഡിയിൽ നിന്ന് വിരമിച്ച അധ്യാപിക നൽകിയ ഹരജിക്ക് പിന്നാലെയാണ് കോടതിയുടെ വിധി.
നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച്, ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഒറ്റയ്ക്ക് താമസിക്കുന്ന അമ്മമാരുടെ കുട്ടികൾക്ക് ജാതി സർട്ടിഫിക്കറ്റ് അമ്മയുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അനുവദിക്കാൻ കഴിയില്ലെന്നും അപേക്ഷിക്കുന്നവർ കുട്ടിയുടെ പിതാവിന്റെയോ പിതാവിന്റെ അടുത്ത ബന്ധുവിന്റെയോ ഒ.ബി.സി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമാണ് നിയമം.
നിലവിൽ എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാതാവിന്റെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകും. വിരമിച്ച അധ്യാപികയുടെ ഹരജിയിന്മേലാണ് കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.
വിവാഹമോചിതരായ സ്ത്രീകൾ, വിധവകൾ, ദത്തെടുത്ത സ്ത്രീകൾ, ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള അവിവാഹിതരായ അമ്മമാർ എന്നിവർക്ക് സ്വന്തം സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അവരുടെ കുട്ടികൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ സാധിക്കാതെ വരുന്നു. ഇത് വിവേചനപരവും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ ലംഘനവുമാണെന്ന് ഹരജിക്കാരി വാദിച്ചു.
പിന്നാലെ ഈ വിഷയം വളരെ പ്രധാനപ്പെട്ടതാണെന്നും നിയമത്തിന്റെ ചില വശങ്ങൾ പരിഹരിച്ച ശേഷം മാർഗനിർദേശങ്ങൾ സ്ഥാപിക്കുമെന്നും ജസ്റ്റിസ് വിശ്വനാഥൻ വാദം കേൾക്കുന്നതിനിടെ പറഞ്ഞു.
‘ഒറ്റയ്ക്ക് താമസിക്കുന്ന അമ്മമാരുടെ കുട്ടികൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റ് നൽകുന്നതിനെക്കുറിച്ചുള്ള ഒരു പ്രധാന പ്രശ്നം ഈ ഹരജി ഉയർത്തുന്നു, ഇവിടെ ഒ.ബി.സി വിഭാഗത്തിൽ പെട്ട ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയുടെ കൈവശമുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അവരുടെ കുഞ്ഞിന് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം. സർട്ടിഫിക്കറ്റിനായി പിതാവിന്റെ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്ന രീതി ഒറ്റക്ക് താമസിക്കുന്ന അല്ലെങ്കിൽ വിധവകളായ, അവിവാഹിതരായ അമ്മമാർക്ക് ബുദ്ധിമുട്ടുണ്ടാക്കും,’ കോടതി നിരീക്ഷിച്ചു.
വിഷയത്തിൽ 2025 ഫെബ്രുവരിയിൽ ദൽഹി സർക്കാരിന്റെയും ഇന്ത്യൻ യൂണിയന്റെയും പ്രതികരണം തേടി കോടതി നോട്ടീസ് അയച്ചിരുന്നു. തുടർന്ന് ഇന്ത്യക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയിൻ, ഒ.ബി.സി. വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വിഷയത്തിൽ കോടതി മാർഗനിർദേശങ്ങൾ രൂപീകരിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് മാർഗനിർദേശങ്ങൾ തയാറാക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഏതെങ്കിലും തരത്തിൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെങ്കിൽ അത് ചെയ്യാമെന്നും സുപ്രീം കോടതി പറഞ്ഞു.
Content Highlight: Supreme Court Mulls Guidelines For Issuance Of OBC Certificates To Children Of Single Mothers Without Paternal Documents