| Tuesday, 20th May 2025, 3:53 pm

ജുഡീഷ്യല്‍ നിയമനത്തിന് മൂന്ന് വര്‍ഷത്തെ നിയമ പ്രാക്ടീസ് നിര്‍ബന്ധമാക്കി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിവില്‍ ജഡ്ജി നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രാക്ടീസ് ചെയ്തിരിക്കണമെന്ന വ്യവസ്ഥ പുനഃസ്ഥാപിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഭൂഷണ്‍ ആര്‍. ഗവായി, ജസ്റ്റിസുമാരായ എ.ജി. മാസിഹ്, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

ഹൈക്കോടതികളില്‍ നിന്നുള്ള ഫീഡ്ബാക്കുകള്‍ വിശകലനം ചെയ്തുകൊണ്ടാണ് സുപ്രീം കോടതി നിയമപ്രാക്ടീസ് നിര്‍ബന്ധമാക്കിയത്. സംസ്ഥാനങ്ങളുടെ പ്രതികരണം ഉള്‍പ്പെടെ തേടിയാണ് സുപ്രീം കോടതിയുടെ നീക്കം.

2002ല്‍ ഈ നടപടിക്രമം നിര്‍ത്തിവെച്ചിരുന്നു. മികച്ച ഉദ്യോഗസ്ഥര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായാണ് മൂന്ന് വര്‍ഷം നിയമ പ്രാക്ടീസ് ഉണ്ടായിരിക്കണമെന്ന നിബന്ധന എടുത്തുമാറ്റിയത്.

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഔദ്യോഗിക-സേവന സാഹചര്യങ്ങള്‍, ശമ്പളം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി 1996 ല്‍ രൂപീകരിച്ച ഷെട്ടി കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ചുകൊണ്ടായിരുന്നു നിബന്ധന പിന്‍വലിച്ചത്.

എന്നാല്‍ പ്രസ്തുത വ്യവസ്ഥ കോടതി ചൊവ്വാഴ്ച വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു. ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിനായുള്ള മൂന്ന് വര്‍ഷത്തെ നിയമ പ്രാക്ടീസ് പുനഃസ്ഥാപിക്കണോ എന്ന് ചോദിച്ചുകൊണ്ട് ഓള്‍-ഇന്ത്യ ജഡ്ജിസ് അസോസിയേഷന്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.

ഉത്തരവില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടന്ന ജുഡീഷ്യല്‍ സര്‍വീസ് നിയമനങ്ങള്‍ വിജയകരമായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് മറ്റ് പല പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

നിയമിക്കപ്പെട്ട ഭൂരിഭാഗം ബിരുദധാരികള്‍ക്കും കോടതി, വ്യവഹാര പ്രക്രിയകള്‍ തുടങ്ങിയ കാര്യങ്ങളില്‍ അറിവില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ പരിചയക്കുറവ് ഭാവിയില്‍ നീതിതേടിയെത്തുന്നവരെ പ്രതിസന്ധിയിലാക്കുമെന്നും ബാറില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി പറഞ്ഞു.

പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാത്രമേ നീതിന്യായ വ്യവസ്ഥയുടെ സങ്കീര്‍ണതകള്‍ മനസിലാക്കാന്‍ കഴിയുകയുള്ളൂവെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഹൈക്കോടതികളും സംസ്ഥാനങ്ങളും നിയമന നടപടികളില്‍ ഭേദഗതി വരുത്തണമെന്നും നിര്‍ദേശമുണ്ട്.

കൂടാതെ ഒരു അഭിഭാഷകന്റെ പ്രാക്ടീസ് അവര്‍ താത്കാലികമായി രജിസ്‌ട്രേഷന്‍ നേടുന്ന തീയതി മുതല്‍ കണക്കാക്കുമെന്നും കോടതി പറഞ്ഞു. അഖിലേന്ത്യാ ബാര്‍ പരീക്ഷ പാസായതിന് ശേഷമായിരിക്കും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക.

ഇതിനിടെ ഏതാനും സംസ്ഥാനങ്ങളിലെ ജുഡീഷ്യല്‍ നിയമനങ്ങള്‍ കോടതി ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. അതേസമയം സിവില്‍ ജഡ്ജിമാരുടെ നിയമനം ആരംഭിക്കുകയോ വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്ത സംസ്ഥാനങ്ങള്‍ക്ക് ഈ വിധി ബാധകമല്ലെന്നും അടുത്ത നിയമനം മുതല്‍ ബാധകമാകുമെന്നും കോടതി അറിയിച്ചു.

Content Highlight: Supreme Court makes three years of legal practice mandatory for judicial service

Latest Stories

We use cookies to give you the best possible experience. Learn more