ന്യൂദൽഹി: നിലവില്‍ സര്‍വീസിലുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷയായ ടെറ്റ് നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി.
എന്നാല്‍ വിരമിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ളവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ യോഗ്യത പരീക്ഷ പാസായാല്‍ മതിയാകും.
ടെറ്റ് നിയമം നിലവിൽ വരുന്നതിന് മുൻപ് ജോലിയിൽ പ്രവേശിച്ചവർക്കും രണ്ട് വർഷത്തിനുള്ളിൽ യോഗ്യത നേടിയാൽ മാത്രമേ അധ്യാപകരായി തുടരാൻ കഴിയൂ.
സമയ പരിധി പാലിക്കാൻ സാധിക്കാത്തവർ രാജിവെക്കുകയോ അല്ലെങ്കിൽ അവരെ ആനുകൂല്യങ്ങളോടെ നിർബന്ധിതമായി പിരിച്ചു വിടുകയോ ചെയ്യും.
വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ടെറ്റ് നിർബന്ധമാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോ, അവരുടെ അവകാശങ്ങളെ എങ്ങനെ ബാധിക്കും എന്നീ ചോദ്യങ്ങൾ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
2011 ജൂലൈ 29ന് മുമ്പ് നിയമിതരായ അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നേടേണ്ടതുണ്ടോ, ന്യൂനപക്ഷ എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്ഥാപനങ്ങൾക്ക് ഇത് ബാധകമാണോ തുടങ്ങിയവ സംബന്ധിച്ച് തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹരജികളിലാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ വിധി.
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ അധ്യാപകർക്ക് 2010ലാണ് ടെറ്റ് പരീക്ഷ നിർബന്ധമാക്കിയത്. സർവീസിലുള്ളവർക്ക് പരീക്ഷ നിർബന്ധമാക്കുന്നതിനെതിരെയാണ് അധ്യാപകർ കോടതിയെ സമീപിച്ചത്.
Content Highlight: Supreme Court makes TET mandatory for teachers to continue as teachers and for promotion