ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ബജ്‌രംഗ് ദളിന്റെ മര്‍ദനത്തില്‍ നിന്നും വയോധികനായ മുസ്‌ലിം കടയുടമയെ രക്ഷിച്ച ‘മുഹമ്മദ്’ ദീപക്കിനുണ്ടായ സാമ്പത്തിക ബാധ്യതക്ക് ആശ്വാസം പകരാനായി സുപ്രീം കോടതി അഭിഭാഷകര്‍.
സുപ്രീം കോടതിയിലെ 20ഓളം മുതിര്‍ന്ന അഭിഭാഷകര്‍ ദീപക്കിന്റെ ജിമ്മില്‍ വാര്‍ഷിക അംഗത്വത്തിനായി പതിനായിരം രൂപ വീതം നല്‍കി. ദീപക് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ അദ്ദേഹത്തിന്റെ ജിംനേഷ്യത്തിലെ അംഗങ്ങള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോയിരുന്നു, ഇതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് ദീപക്കിന് ഉണ്ടായത്.
150ല്‍ നിന്നും 15 ആയി ജിമ്മിലെ അംഗത്വം കുറഞ്ഞതോടെ കടയുടെ വാടകയും ഹോം ലോണ്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക ബാധ്യതകളിലും പെട്ട് ദീപക്ക് വലഞ്ഞിരുന്നു. ഇതോടെയാണ് സഹായഹസ്തവുമായി അഭിഭാഷകരെത്തിയത്.
നേരത്തെ ദീപക്കിന് ഒരു സഹായമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജിമ്മില്‍ സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് അംഗത്വമെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തങ്ങളുടെ പ്രവൃത്തിയെന്ന് അഭിഭാഷകര്‍ പ്രതികരിച്ചു.
ധന സഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ദീപക്ക് പണം വാങ്ങിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതോടെയാണ് ജിമ്മില്‍ വാര്‍ഷികാംഗത്വമെടുത്തതെന്ന് അഭിഭാഷകര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജിമ്മില്‍ പോകാന്‍ ആഗ്രഹമുണ്ടായിട്ടും പണമില്ലാത്തതിന്റെ പേരില്‍ ആ ആഗ്രഹം മാറ്റിവെച്ചവരുടെ ഫീസാണ് അഭിഭാഷകര്‍ വഹിക്കുക.
അംഗത്വമെടുത്തുള്ള സഹായത്തിന് പുറമെ ദീപക്കിനെതിരായ കേസില്‍ നിയമപരമായ സഹായങ്ങളും അഭിഭാഷകര്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
20ഓളം അഭിഭാഷകരാണ് നിലവില്‍ ദീപക് കുമാറിന് സഹായം നല്‍കാനുള്ള സംരംഭത്തില്‍ പങ്കാളികളായിരിക്കുന്നത്. സാമുദായിക സൗഹാര്‍ദ്ദത്തിനായി അദ്ദേഹം സ്വീകരിച്ച നിലപാടിന് നിയമപരമായ എല്ലാ പിന്തുണയും നല്‍കും. ശരിക്കൊപ്പം നിലനില്‍ക്കുന്നതിന്റെ പേരില്‍ കനത്ത വിലനല്‍കേണ്ടി വന്നാലും അത് നാശത്തിലേക്ക് നയിക്കില്ലെന്ന സന്ദേശം സമൂഹത്തിന് നല്‍കാനായാണ് തങ്ങളെല്ലാം മുന്നോട്ട് വന്നതെന്നും അഭിഭാഷകര്‍ അറിയിച്ചു.
നേരത്തെ, കോട്ദ്വാറില്‍ 70കാരനായ മുസ്‌ലിം വ്യാപാരിയെ കടയുടെ പേരില്‍ നിന്നും ‘ബാബ’ എന്ന പേര് നീക്കണമെന്ന ആവശ്യവുമായി തടിച്ചുകൂടിയ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.
ഈ ആക്രമണത്തില്‍ നിന്നും വ്യാപാരിയെ രക്ഷപ്പെടുത്തിയ ദീപക്കിന് നേരെ ആള്‍ക്കൂട്ടം തിരിയുകയും അദ്ദേഹത്തിന്റെ മതം തിരിച്ചറിയുന്നതിനായി പേരെന്താണെന്ന് ചോദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദീപക് കുമാര്‍ നല്‍കിയ ‘മുഹമ്മദ് ദീപക്’ എന്ന മറുപടി സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു.
അതേസമയം, സോഷ്യല്‍മീഡിയ ദീപക്കിനെ ഹീറോയായി അവതരിപ്പിക്കുമ്പോഴും അദ്ദേഹത്തിന്റെ നാട്ടില്‍ രണ്ട് ചേരിയായി തിരിഞ്ഞ് തര്‍ക്കങ്ങള്‍ തുടരുകയാണ്.
ദീപക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ഭീഷണിയുമായി ബജ്‌രംഗ് ദളും ഹിന്ദു രക്ഷാ ദളും രംഗത്തെത്തിയിരുന്നു. ദീപക്കിന് നേരെ ജനുവരി 31ന് ബജ്‌രംഗ് ദളിന്റെ ആക്രമണശ്രമവുമുണ്ടായി. ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞെന്ന പേരില്‍ ദീപക്കിനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസുമെടുത്തിരുന്നു.
പൊലീസ് തടഞ്ഞാലും ദീപക്കിന് നേരെ ആക്രമണം നടത്തുമെന്നും ഹിന്ദു വികാരത്തെയും സനാതന ധര്‍മ്മത്തെയും വ്രണപ്പെടുത്തിയ ദീപക്കിനെ തിരുത്തുമെന്നും ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരി വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരുന്നു.
Content Highlight: Bajrang Dal’s threat will not stop his livelihood; Supreme Court lawyers help ‘Muhammad’ Deepak