ഇന്ത്യന്‍ ജുഡീഷ്യറി ആകെ ഒറ്റയടിക്ക് തകര്‍ന്നുവീണ വര്‍ഷമൊന്നുമല്ല 2025. പക്ഷേ നിര്‍ണായകമായ ചില മാറ്റങ്ങള്‍ ദൃശ്യമായ വര്‍ഷമാണിത്; നീതിന്യായ സംവിധാനത്തില്‍ നിസംഗത സാധാരണവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
ഈ വര്‍ഷവും കോടതി അവിശ്രാന്തം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കേസുകള്‍ പരിഗണിച്ചു, ഇടക്കാല വിധികള്‍ പുറപ്പെടുവിച്ചു, കമ്മിറ്റികള്‍ രൂപീകരിച്ചു, ഹൈക്കോടതി വിധികള്‍ റദ്ദാക്കി, ചിലപ്പോഴൊക്കെ സ്വന്തം തെറ്റുകള്‍ തന്നെ തിരുത്തുന്ന കാഴ്ചയും നാം കണ്ടു.
ഇതിനൊക്കെയപ്പുറം നിശബ്ദമായ ഒരു മാറ്റം കോടതിക്ക് സംഭവിച്ചിരിക്കുന്നു. കോടതി പ്രവര്‍ത്തിച്ചത് ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്നതിലുപരി നടപടിക്രമങ്ങളുടെ പരിശോധകന്‍ എന്ന നിലയ്ക്കാണ്. പലപ്പോഴും ഭരണകൂടത്തെയോ അധികാരവ്യവസ്ഥയേയോ നേരിട്ട് അഭിമുഖീകരിക്കാതെ വളരെ ശ്രദ്ധിച്ച്, സംയമനത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ശൈലി രൂപപ്പെട്ടു.
നിയമപരിശോധനയ്ക്ക് മധ്യസ്ഥം വഹിക്കുന്ന നിഷ്‌ക്രിയമായ സംവിധാനമായിട്ടല്ല ഭരണഘടനാ ശില്പികള്‍ ഭരണഘടനാകോടതികളെ വിഭാവനം ചെയ്തത്. അധികാര വ്യവസ്ഥയ്‌ക്കെതിരെ ധാര്‍മിക ധൈര്യത്തോടെ തലയുയര്‍ത്തി നിന്ന് ജനാധിപത്യത്തെ പ്രതിരോധിക്കുന്ന സ്ഥാപനമായാണ് സുപ്രീം കോടതി ഭരണഘടനയുടെ ഭാഗമാകുന്നത്.
സുപ്രീം കോടതി- Photo: Deccan Herald
‘ഭരണഘടനാ ധാര്‍മികത അങ്ങനെ വെള്ളവും വെളിച്ചവും ഉള്ള എല്ലായിടത്തും വെറുതെയങ്ങ് വളരുന്നതല്ല, നമ്മള്‍ ജാഗ്രതയോടെ പരിപാലിച്ച് വളര്‍ത്തേണ്ടതാണ്’ എന്ന് ഡോക്ടര്‍ അംബേദ്കര്‍ എഴുതിയിട്ടുണ്ട്. ആ ജാഗ്രത കൈമോശം വന്ന വര്‍ഷമാണ് 2025.
അടിസ്ഥാന തത്വങ്ങളില്‍ നിന്ന് തുടങ്ങാം. നമ്മുടെ ഭരണഘടന വെറുമൊരു നിഷ്പക്ഷ നിയമ കൈപ്പുസ്തകമല്ല. കൊളോണിയല്‍ ചൂഷണത്തിന്റെയും, ജാതീയമായ അടിച്ചമര്‍ത്തലുകളുടെയും, സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞ അസമത്വത്തിന്റെയും പശ്ചാത്തലത്തില്‍ നിന്നും രൂപംകൊണ്ട മാറ്റത്തിനുള്ള മാര്‍ഗരേഖയാണ്. ഭരണഘടനയുടെ അനുച്ഛേദം 14, 15, 17, 19, 21 തുടങ്ങിയവയൊക്കെ അവകാശങ്ങള്‍ മാത്രമല്ല, സാമൂഹിക പുനര്‍നിര്‍മിതിക്കുള്ള ഉപകരണങ്ങള്‍ കൂടിയാണ്.
അംബേദ്കര്‍ മുന്നോട്ടുവച്ച ഭരണഘടനാ പദ്ധതി രക്തരഹിതമായ വിപ്ലവമാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാവരും തുല്യരാണെന്ന യാന്ത്രിക കാഴ്ചപ്പാടിനപ്പുറം, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ മനസിലാക്കുന്ന യഥാര്‍ത്ഥ സമത്വം, ഭൂരിപക്ഷ ഏകാധിപത്യത്തിനെതിരെയുള്ള ജാഗ്രത, ജുഡീഷ്യറിയുടെ ധൈര്യം എന്നിവ ആ ലക്ഷ്യത്തിലെത്തുന്നതിന് അനിവാര്യമാണ്. ഈയൊരു വിശാലമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് 2025ലെ സുപ്രീം കോടതിയെ വിലയിരുത്തേണ്ടത്.
2025ലെ വെക്കേഷന് തൊട്ടുമുമ്പ്, സുപ്രീം കോടതി സ്വമേധയാ നടത്തിയ ഒരിടപെടലിലൂടെ, ആരവല്ലി മലനിരകള്‍ക്ക് ‘100 മീറ്റര്‍ ഉയരം’ എന്ന നിര്‍വചനം നല്‍കിയ മുന്‍ വിധി താത്കാലികമായി സ്റ്റേ ചെയ്തു. ആരവല്ലി മലനിരകളുടെ നിര്‍വചനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുവാന്‍ പുതിയൊരു വിദഗ്ധ സമിതിയെ (Expert Committee) നിയോഗിക്കുവാനും തീരുമാനമായി.
ആരവല്ലി മലനിരകള്‍ – Photo – Out look Business And The Hindu
ഈ വിധി ഗുണകരമായ ഫലം ഉണ്ടാക്കും എന്ന അര്‍ത്ഥത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. കാരണം, 2024 നവംബറിലെ ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ ബെഞ്ചിന്റെ വിധി ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ആരവല്ലി മേഖലയുടെ സര്‍വനാശത്തിന് വഴി വയ്ക്കുമായിരുന്നു.
എന്നിരുന്നാലും, നിയമവാഴ്ചയുടെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ കോടതി നടപടികള്‍ ഏറെ ചോദ്യങ്ങള്‍ ബാക്കിയാക്കുന്നുണ്ട്. രാഷ്ട്രീയ സമ്മര്‍ദങ്ങളോ, മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികൂല ആഖ്യാനങ്ങളോ കാരണം പരമോന്നത നീതിപീഠം സ്വന്തം വിധികള്‍ ഇത്ര വേഗത്തില്‍, ഇത്ര എളുപ്പത്തില്‍ പിന്‍വലിക്കുകയും പുനപരിശോധിക്കുകയും ചെയ്യുന്നത് കോടതി വിധികളുടെ അന്തിമത്വത്തെയും അനിവാര്യമായ അച്ചടക്കത്തെയും അട്ടിമറിക്കും.
ഉന്നാവോ കൂട്ടബലാത്സംഗ കേസില്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദല്‍ഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്തതാണ് 2025 അവസാനിക്കുമ്പോള്‍ സുപ്രീം കോടതി നടത്തിയ മറ്റൊരു ഇടപെടല്‍. ഇരകള്‍ക്ക് ജുഡീഷ്യല്‍ സംവിധാനത്തിലുള്ള വിശ്വാസം പരിപൂര്‍ണമായും ഇല്ലാതാക്കുന്ന, അതീവ സാങ്കേതികമായ നിയമയുക്തി ഉപയോഗിച്ച ദല്‍ഹി ഹൈക്കോടതി വിധി പെട്ടെന്നുതന്നെ സ്റ്റേ ചെയ്തത് ആശ്വാസകരമായ വാര്‍ത്തയായിരുന്നു.
ഉന്നാവോ കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെംഗാര്‍ – Photo: BBC.com
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ന്യൂനപക്ഷ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിന് തെളിവായിരുന്നു നിയമഭേദഗതിക്കെതിരായ ഹര്‍ജികളിലെ നടപടി. അടിസ്ഥാനപരമായ ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ട ഒരു കേസായിരുന്നു ഇത്.
എന്നിട്ടും അതിന്റെ വേരുകളിലേക്ക് കടക്കാതെ ഏതാനും ചില വകുപ്പുകള്‍ മാത്രം സ്റ്റേ ചെയ്തുകൊണ്ട് താല്കാലികമായി തടയുകയാണ് കോടതി ചെയ്തത്. തുടര്‍ന്ന് ഈ വിഷയം ഇതുവരെ വാദത്തിന് എടുത്തിട്ടില്ല.
വഖഫ് ബോര്‍ഡില്‍ ഇതര മതക്കാരുടെ എണ്ണം നാലായി പരിമിതപ്പെടുത്തി, ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും മുസ്‌ലീമായി ജീവിച്ചവര്‍ക്ക് മാത്രമേ വഖഫായി നല്‍കാന്‍ കഴിയുകയുള്ളൂ തുടങ്ങിയ വകുപ്പുകള്‍ താല്കാലികമായി സ്റ്റേ ചെയ്തു. ഇതില്‍ അഞ്ച് വര്‍ഷത്തെ സമയപരിധിക്ക് സ്റ്റേ നല്‍കിയിരിക്കുന്നത്, അഞ്ചുവര്‍ഷം മുസ്‌ലീമായിരുന്നോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം സംസ്ഥാന ഗവണ്‍മെന്റ് ഉണ്ടാക്കുന്നത് വരെ എന്ന് പറഞ്ഞാണ്!
വഖഫ് ബോഡ് – Photo: news18.com
സ്വന്തം സ്ഥലത്തിന്മേലുള്ള ഒരു മനുഷ്യന്റെ സ്വയംനിര്‍ണയാധികാരത്തെയാണ് നിയമം ചോദ്യം ചെയ്യുന്നത്. അടിസ്ഥാന അവകാശങ്ങള്‍ പരീക്ഷിക്കപ്പെടുന്ന ഘട്ടമാണിത്. എന്നിട്ടും കോടതി അതിനെ ഒരു നടപടിക്രമങ്ങളുടെ പ്രശ്‌നമായിട്ടാണ് കാണുന്നത്. ‘ഉപയോഗത്തിലൂടെയുള്ള വഖഫ്’ (Waqf by user) ഇല്ലാതാക്കിയത് ഉള്‍പ്പെടെയുള്ള ഭേദഗതിക്കെതിരെ കോടതി മൗനം പാലിക്കുന്നു.
ഈ നിയമഭേദഗതിയുടെ രാഷ്ട്രീയ-സാമൂഹിക ചരിത്ര പശ്ചാത്തലം തമസ്‌കരിച്ച്, അടിസ്ഥാനാന ഭരണഘടനാ തത്വങ്ങളെ അവഗണിച്ച് കേവലം ഭരണനിര്‍വഹണ പ്രശ്‌നമായി ലഘൂകരിക്കുകയാണ് കോടതി ചെയ്തത്.
2025ലെ സുപ്രീം കോടതിയെ ഏറ്റവും മനോഹരമായി അടയാളപ്പെടുത്താന്‍ കഴിയുക, ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തിയ സുപ്രീംവിധി സംബന്ധിച്ച, ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരമുള്ള രാഷ്ട്രപതിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലൂടെയായിരിക്കും.
2025 മെയ് മാസത്തില്‍, തമിഴ്‌നാട് ഗവണ്‍മെന്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍, ഭരണഘടനയുടെ അനുച്ഛേദം 200, 2 01 എന്നിവ വ്യാഖ്യാനിച്ച്, ഗവര്‍ണര്‍ക്കോ രാഷ്ട്രപതിക്കോ നിയമസഭ പാസാക്കിയ ഒരു നിയമത്തിന്മേല്‍ അനന്തകാലം അടയിരിക്കാനാവില്ലെന്ന് വിധിയെഴുതുകയും തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു.
മാത്രവുമല്ല, ദീര്‍ഘകാലമായി ഗവര്‍ണര്‍ തടഞ്ഞുവെച്ചിരുന്ന ചില ബില്ലുകള്‍, അനുച്ഛേദം 142 നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നല്‍കിയതായി കണക്കാക്കാമെന്ന തീരുമാനവുമെടുത്തു.
ഇത് സംബന്ധിച്ച് പ്രസിഡന്റ് സുപ്രീം കോടതിയോട് ഉപദേശം തേടുകയുണ്ടായി. സുപ്രീം കോടതി വിധി പറഞ്ഞ ഒരു കാര്യത്തില്‍ പിന്നീട് അഭിപ്രായം ഉന്നയിക്കേണ്ടതുണ്ടോ എന്ന പ്രധാനപ്പെട്ട ഒരു നിയമപ്രശ്‌നം അവിടെ ഉണ്ടായിരുന്നു.
സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണ്, അഭിപ്രായം പറയുന്ന ബെഞ്ചിനും അത് ബാധകമാണ്. അനുച്ഛേദം 143 മുഖേനയുള്ള അഭിപ്രായത്തിന് ഉപദേശക സ്വഭാവം മാത്രമാണുള്ളത്. അത് ഗവണ്‍മെന്റിന് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. വാദപ്രതിവാദങ്ങള്‍ക്ക് ശേഷം കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുപോലെയല്ല ഇത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു- Current Affairs
അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ടോ എന്ന തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ അതൊക്കെ അവഗണിച്ച് ചീഫ് ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള ഉപദേശക ബെഞ്ച് കാര്യങ്ങള്‍ പുനപരിശോധിക്കുകയാണ് ഉണ്ടായത്.
ഗവണ്‍മെന്റിന്റെ ചോദ്യങ്ങള്‍ ഫലത്തില്‍ തീര്‍പ്പുകല്‍പ്പിച്ച നിയമപ്രശ്‌നങ്ങളുടെ പുനപരിശോധനയാണ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നിരിക്കെ, ‘വിധി തിരുത്താനോ പിന്‍വലിക്കാനോ മാറ്റിതീര്‍ക്കാനോ ഉള്ള ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്ല’ എന്ന കുയുക്തിയാണ് കോടതി ഉപദേശത്തിന് ന്യായമായി കണ്ടെത്തുന്നത്.
അങ്ങനെയെങ്കില്‍ നാളെ ‘പാര്‍ലമെന്റിന് ഭരണഘടനയുടെ അടിസ്ഥാനഘടന ഭേദഗതി ചെയ്യാന്‍ കഴിയുമോ?’ എന്നൊരു ചോദ്യം ചോദിച്ചാല്‍ കേശവാനന്ദ ഭാരതി കേസിലെ വിധി മറികടക്കാന്‍ കഴിയുമെന്നാവില്ലേ? ജുഡീഷ്യല്‍ അച്ചടക്കത്തെയും കോടതിവിധികളുടെ അന്തിമത്വത്തെയും അട്ടിമറിക്കുകയാണ് ഈ റഫറന്‍സ്. ഗവണ്‍മെന്റുകള്‍ക്ക് ലഭ്യമായ റിവ്യൂ, ക്യുറേറ്റീവ് പെറ്റീഷനുകള്‍ക്ക് പുറമെ, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കോടതി വിധികളെ അട്ടിമറിക്കുന്നതിന് പുതിയൊരു വാതില്‍ തുറന്നുകൊടുക്കുകയാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. ഏതു കേസിലും, വിശാല ബെഞ്ച് രൂപീകരിച്ച് വിധികളെ പുനപരിശോധിക്കാം എന്നുവരുന്നു.
ഡോ. അംബേദ്കര്‍ ഏറ്റവും കൂടുതല്‍ വിലമതിച്ച മൂല്യങ്ങളിലൊന്ന് ഫെഡറലിസമാണ്. അംബേദ്കറൈറ്റ് എന്നവകാശപ്പെടുന്ന ഒരാള്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന കാഴ്ചയാണ് മുകളില്‍ വിവരിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയുടെയും ക്യാബിനറ്റിന്റെയും ഉപദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഭരണഘടനാപരമായ തലവന്‍ മാത്രമാണ് ഗവര്‍ണര്‍; അല്ലാതെ ഒരു സമാന്തര ഭരണകൂടമല്ല. ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തെ ഉയര്‍ത്തിപ്പിടിച്ച ഒരു കോടതിവിധിയെ, അസാധാരണ നടപടികളിലൂടെ ഫലത്തില്‍ റദ്ദാക്കിയ നടപടി, ഭരണഘടനാ കോടതികള്‍ ഭരണകൂട കോടതികളായി മാറിയിരിക്കുന്നു എന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ്.
സമഗ്രമായ വാദവിചാരങ്ങള്‍ക്കുശേഷം പുറപ്പെടുവിച്ച ഒരു ഉത്തരവിനെക്കുറിച്ച് ‘അഭിപ്രായം’ പറയാന്‍ തയ്യാറാവുക വഴി നാളിതുവരെയില്ലാത്ത ഒരു കീഴ്‌വഴക്കമാണ് സൃഷ്ടിച്ചത്.
ജസ്റ്റിസ് യശ്വന്ത് വര്‍മ – Photo: India Today
ദല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവാദവും അന്വേഷണവും ന്യായാധിപരുടെ വ്യക്തിപരമായ ഗുണങ്ങളെക്കുറിച്ച് മാത്രമല്ല, ഒരു വ്യവസ്ഥിതി എന്ന നിലയില്‍ ജുഡീഷ്യറിയുടെ ആകെ സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കും കളങ്കം ചാര്‍ത്തി.
സുപ്രീം കോടതി പത്രക്കുറിപ്പുകള്‍ നല്‍കുകയും ഒരു വീഡിയോ പുറത്തുവിടുകയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ജസ്റ്റിസ് വര്‍മയെ ജുഡീഷ്യല്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറ്റുകയും ചെയ്‌തെങ്കിലും, ഈ നടപടിക്രമങ്ങള്‍ എല്ലാം സുതാര്യതയോ നിയമപരമായ വ്യക്തതയോ ഇല്ലാത്തതായിരുന്നു. പൊതുസമൂഹത്തിന് ബോധ്യപ്പെടാന്‍ കഴിയുന്ന സംവിധാനങ്ങളായിരുന്നില്ല ഇവയൊന്നും.
1993ലെ ‘സെക്കന്‍ഡ് ജഡ്ജസ്’ കേസിലൂടെയാണ് ന്യായാധിപ നിയമനത്തിന് കൊളീജിയം സംവിധാനം രൂപീകൃതമാകുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇത് കൊണ്ടുവന്നതെങ്കിലും, സുതാര്യതയില്ലായ്മയും സ്വജനപക്ഷപാതവും ഭരണകൂടത്തിന്റെ രഹസ്യ ഇടപെടലുകളും കൊളീജിയത്തിന്റെ ഭാഗമാകുന്നതായി നമ്മള്‍ കണ്ടു. ജസ്റ്റിസ് ഗവായിയുടെ കാലഘട്ടത്തില്‍ കൊളീജിയം അധപതനത്തിന്റെ അങ്ങേയറ്റത്തെത്തിയെന്ന് ഭരണഘടനാ വിദഗ്ധനായ ഗൗതം ഭാട്ടിയ എഴുതുന്നു. ‘Chief in his Chiefdom’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
ബോംബെ ഹൈക്കോടതിയിലെ ന്യായാധിപ നിയമനവുമായി ബന്ധപ്പെട്ട് ഗൗരവകരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. ജസ്റ്റിസ് ഗവായിയുടെ അടുത്ത ബന്ധുവായ രാജ് ദാമോദര്‍ വക്കോഡെയെ ഹൈക്കോടതി ജഡ്ജിയാക്കുന്നതിനുള്ള കൊളീജിയം ശുപാര്‍ശയായിരുന്നു അത്.
ഗവണ്‍മെന്റ് അത്ഭുതകരമായ വേഗതയില്‍ ഈ നാമനിര്‍ദേശം അംഗീകരിക്കുകയും അദ്ദേഹം സ്ഥാനമേല്‍ക്കുകയും ചെയ്തു. പ്രധാനപ്പെട്ട പല നിര്‍ദേശങ്ങളും മാസങ്ങളോളം വച്ചുതാമസിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ഇക്കാര്യത്തില്‍ ദ്രുതഗതിയില്‍ തീരുമാനമെടുത്തു.
നിയമന ശുപാര്‍ശ അംഗീകരിച്ച കൊളീജിയം മീറ്റിങ്ങില്‍ ജസ്റ്റിസ് ഗവായി പങ്കെടുത്തിരുന്നില്ലെങ്കിലും കൊളീജിയം അധ്യക്ഷന്‍ അദ്ദേഹം തന്നെയായിരുന്നു. അതുമാത്രമല്ല, അദ്ദേഹം സേവനമനുഷ്ടിച്ച ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ നിന്ന് അനുപാതരഹിതമായ നിയമനങ്ങള്‍ നടന്നിട്ടുണ്ട്.
മുതിര്‍ന്ന പലരെയും വനിതാ ജഡ്ജിമാരെയും മറികടന്നായിരുന്നു ഈ നിയമനങ്ങള്‍. അവഗണിക്കപ്പെട്ട ജസ്റ്റിസ് രേവതി മോഹിത് ദേരെ സുപ്രീം കോടതിയില്‍ എത്തേണ്ടതായിരുന്നു എന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് നിരീക്ഷിക്കുന്നു.
ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളിയെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തിയ നടപടിയാണ് മറ്റൊരു ഉദാഹരണം. അദ്ദേഹം സീനിയോറിറ്റിയില്‍ 57 മനായിരുന്നുവെന്ന് ‘സുപ്രീം കോര്‍ട്ട് ഒബ്‌സര്‍വര്‍’ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ പ്രാതിനിധ്യത്തെ സഹായിക്കുമായിരുന്ന മൂന്ന് വനിതാ ജഡ്ജിമാരെ മറികടന്നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജയിരുന്ന ഇദ്ദേഹത്തെ നിയമിച്ചത്. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നും പാറ്റ്‌നയിലേക്ക് സ്ഥലം മാറ്റിയ ഉടനെയിയിരുന്നു ഈ നിയമനം.
1ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളി Photo- India today 2ജസ്റ്റിസ് ബി.വി നാഗരത്ന – Photo: The New Indian Express
ഈ വിഷയത്തില്‍ സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ബി.വി. നാഗരത്‌ന കൊളീജിയം മീറ്റിങ്ങില്‍ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിയമനം കോടതിയുടെ പ്രതിച്ഛായക്ക് കോട്ടം ചെയ്യുമെന്നായിരുന്നു അഭിപ്രായം.
എന്നാല്‍ കൊളീജിയം അത് അവഗണിച്ചു. ശുപാര്‍ശ ചെയ്ത് രണ്ടു ദിവസത്തിനകം കേന്ദ്ര ഗവണ്‍മെന്റ് ഈ ഫയല്‍ അംഗീകരിച്ചു. നിലവിലെ സീനിയോരിറ്റി പ്രകാരം 2031ല്‍ ചീഫ് ജസ്റ്റിസ് ആകേണ്ട ആളാണ് ജസ്റ്റിസ് പഞ്ചോളി. ഇതിനെ ‘ഒരു വ്യവസ്ഥിതിയുടെ തകര്‍ച്ച’ എന്നാണ് ഇന്ദിരാ ജയ്‌സിങ് വിശേഷിപ്പിച്ചത്. ഭരണകൂടത്തിന് താത്പര്യമുള്ള ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുക്കുകയാണ് കൊളീജിയം ചെയ്തതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
ജുഡീഷ്യറിയില്‍ ഭരണകൂടത്തിന്റെ ഇടപെടലുകളെ തുറന്നുകാണിക്കുന്നതായിരുന്നു മലയാളിയായ ജസ്റ്റിസ് അതുല്‍ ശ്രീധരന്റെ ട്രാന്‍സ്ഫര്‍. ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ന്യായാധിപന്‍ എന്ന പേരുകേട്ട, ജസ്റ്റിസ് അതുല്‍, തന്റെ മകന്‍ അഭിഭാഷകവൃത്തി ആരംഭിച്ചതിനെ തുടര്‍ന്ന് ജമ്മുകശ്മീരിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയ വ്യക്തിയാണ്.
പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് എത്തിയ അദ്ദേഹത്തെ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റുവാന്‍ സുപ്രീം കോടതി കൊജീയം നിര്‍ദേശിച്ചു. എന്നാല്‍ രണ്ടുമാസം കഴിഞ്ഞപ്പോള്‍, ‘ഗവണ്‍മെന്റിന്റെ താത്പര്യ പ്രകാരം’ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് കൊളീജിയം തീരുമാനമെടുത്തു.
കൊളീജിയം പ്രമേയത്തില്‍ തന്നെ ‘പുനപരിശോധിക്കാനുള്ള ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന മാനിച്ച് ജസ്റ്റിസ് അതുല്‍ ശ്രീധരനെ, ഛത്തീസ്ഗഡ് ഹൈക്കോടതിക്ക് പകരം, അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുവാന്‍ നിര്‍ദേശിക്കുന്നു’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരുപദ്രവകരമായ ഒരു ബ്യൂറോക്രാറ്റിക് നടപടിയാണിതെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇത് അപകടകരമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. അലഹബാദില്‍ അദ്ദേഹം സീനിയോറിറ്റി പ്രകാരം ഏഴാമനാണ്. മധ്യപ്രദേശ് ഹൈക്കോടതിയില്‍ രണ്ടാമനായിരുന്നു. ഛത്തീസ്ഗഡില്‍ മൂന്നാമനും.
അലഹബാദിലേക്ക് മാറിയതോടെ അദ്ദേഹത്തിന് ഹൈക്കോടതി കൊളീജിയത്തിലെ സ്ഥാനം നഷ്ടപ്പെട്ടു. പൗരാവകാശങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒരു ന്യായാധിപന് ജുഡീഷ്യറിയില്‍ ഭരണപരമായ സ്വാധീനം ഉണ്ടായിരിക്കില്ലെന്ന് വന്നു.
ആധാര്‍ കേസിലെ വിയോജന വിധിയും ശബരിമല വിധിയും ഉള്‍പ്പെടെ ഭരണഘടനയുടെ പരിണാമത്മക സ്വഭാവം ഉയര്‍ത്തിപ്പിടിച്ച് നിരവധി ഇടപെടലുകള്‍ നടത്തുകയും, പ്രഭാഷണങ്ങളിലും പൊതുയിടങ്ങളിലും എല്ലാം ജനാധിപത്യമൂല്യങ്ങളെ കുറിച്ച് വാചാലനാവുകയും ചെയ്ത ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലഘട്ടത്തെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്.
ഡി.വൈ ചന്ദ്രജൂഡ് – Photo: NDTV
കൊളീജിയം പ്രവര്‍ത്തനത്തിന്റെ സുതാര്യത സംബന്ധിച്ച ചില ഇടപെടലുകളൊക്കെ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നു. ഏറെ പ്രതീക്ഷ നല്‍കിയതിനു ശേഷം, ഏറ്റവും മോശം പ്രതിച്ഛായയുണ്ടായിരുന്ന ചീഫ് ജസ്റ്റിസ്മാര്‍ക്കൊപ്പം ചരിത്രത്തില്‍ ഇടം പിടിക്കുന്നതായി അദ്ദേഹത്തിന്റെ കാലഘട്ടം.
രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ പതിവുപോലെ നടപടി സ്വീകരിക്കാതിരിക്കുകയും സുപ്രീംകോടതി ബെഞ്ചുകള്‍ രൂപീകരിക്കുന്നതിലെ പക്ഷപാതിത്വങ്ങള്‍ തുടരുകയും ചെയ്യുന്നതായുള്ള ആക്ഷേപം ശക്തമായിരുന്നു.
ബാബറി മസ്ജിദ് കേസിലെ വിധി ദൈവപ്രേരിതമാണെന്ന പ്രസ്താവനയും, തന്റെ വസതിയില്‍ പൂജ ചെയ്യുന്നതിന് പ്രധാനമന്ത്രിയെ എത്തിച്ചതും, വിരമിച്ചതിനുശേഷം നല്‍കിയ ചില അഭിമുഖങ്ങളില്‍ സുപ്രീംകോടതി വിധിയിലെ കണ്ടെത്തലുകള്‍ക്കുപോലും വിരുദ്ധമായി അയോധ്യയില്‍ ക്ഷേത്രം തകര്‍ത്തതാണ് ആദ്യ പാപം എന്ന് പറയുകയും, ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി സമയത്ത് ഒഴിഞ്ഞു കൊടുക്കാതിരിക്കുകയും ഒക്കെ ചെയ്തു അദ്ദേഹം. പ്രസംഗത്തില്‍ അല്ല പ്രവര്‍ത്തിയിലാണ് കാര്യമെന്ന് അദ്ദേഹത്തിന്റെ കാലഘട്ടം നമ്മളെ ഓര്‍മപ്പെടുത്തുന്നു.
അധികാര കേന്ദ്രീകരണത്തിന്റെയും ഏകാധിപത്യ പ്രവണതകളുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കാലത്തെ, സ്വയം ഒരു അംബേദ്കറൈറ്റ്‌ണെന്ന് പരസ്യമായി പ്രസ്താവിക്കുന്ന ദളിത് ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ നിരാശാജനകമായ കാലഘട്ടമായിരുന്നു ജസ്റ്റിസ് ഗവായിയുടേത്.
ഭരണകൂട താത്പര്യങ്ങള്‍ നിലനില്‍ക്കുന്ന കേസുകളില്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഇടപെടലുകള്‍ നടത്തുന്നതില്‍ അദ്ദേഹം വിമുഖത പ്രകടിപ്പിച്ചു. പല അടിസ്ഥാന നിയമ പ്രശ്‌നങ്ങളെയും ഭരണനിര്‍വഹണ നടപടിക്രമങ്ങളായി ചുരുക്കി കണ്ടു. പലതും തീരുമാനമെടുക്കാതെ മാറ്റിവെച്ചു.
ഏറ്റവും ഒടുവില്‍, പരിസ്ഥിതി നിയമത്തിലെ പിന്‍നടത്തമായി ചരിത്രം രേഖപ്പെടുത്തുന്ന രണ്ട് വിധികള്‍ ഉണ്ടായി. ഒന്ന്, മുന്‍കാല പ്രാബല്യത്തോടെ പരിസ്ഥിതിക അനുമതി നല്‍കുന്ന ഗവണ്‍മെന്റ് വിജ്ഞാപനം റദ്ദ് ചെയ്ത സുപ്രീംകോടതി വിധിയെ തിരുത്തിയ നടപടി, രണ്ടാമത്, ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട വിധി. ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും അധികാരം സംബന്ധിച്ച് പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് തീരുമാനവും എക്‌സിക്യൂട്ടീവിനു കുടപിടിക്കുന്നതായി.
നവംബര്‍ മാസത്തില്‍ മാത്രമാണ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുക്കുന്നത്. അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്ന കാലത്ത് അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് ശിപാര്‍ശ ചെയ്ത കൊളീയം നടപടി തന്നെ വിവാദമായിരുന്നതാണ്. അതുകൂടാതെ ഏറ്റവും നിരാശാജനകമായ പ്രതിച്ഛായയുള്ള സുപ്രീംകോടതി ആണ് അദ്ദേഹത്തിന് കൈമാറി കിട്ടിയത്.
ജെ സൂര്യകാന്ത് – Photo: The print
എന്നാല്‍ തെറ്റുകള്‍ തിരുത്തുന്നതിന് വേണ്ടി എന്ന തോന്നല്‍ ഉളവാക്കുന്ന ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ആരവല്ലി മലനിരകളിലെ ഖനനം സംബന്ധിച്ച ജസ്റ്റിസ് ഗവായിയുടെ വിധി മരവിപ്പിച്ചതും ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ്ങിനെ വെറുതെവിട്ട ദല്‍ഹി ഹൈക്കോടതി വിധി റദ്ദു ചെയ്തതും ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സമഗ്രമായി പരിശോധിച്ചാല്‍ 2025, ചീഫ് ജസ്റ്റിസ് മാരുടെ പേരുകള്‍ക്കതീതമായി നിരാശാജനകമായ ഒരു വര്‍ഷമായിരുന്നു എന്ന് കാണാം.
2025ലെ സുപ്രീംകോടതിയുടെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍, നിയമ വൈജ്ഞാനിക രംഗത്ത്, ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ദിശാബോധം കാണാന്‍ കഴിയില്ല. ഭരണകൂട താത്പര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ജുഡീഷ്യറിയാണ് ദൃശ്യമാകുന്നത്.
കീഴ്‌വഴക്കങ്ങളും പിന്തുടര്‍ന്ന് പോകുന്ന നടപടിക്രമങ്ങളും അട്ടിമറിച്ചുകൊണ്ട് ജുഡീഷ്യല്‍ അച്ചടക്കത്തെ അസ്ഥിരപ്പെടുത്തുന്ന നടപടികള്‍ കാണാം. കൊളീജിയത്തിന്റെയും നിയമനങ്ങളുടെയും സ്ഥലം മാറ്റങ്ങളുടെയും കാര്യത്തില്‍ ഐച്ഛികവും ഭരണകൂട താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതുമായ പ്രത്യക്ഷ ചെയ്തികള്‍ സാധാരണമായി.
നമ്മുടെ നീതിന്യായ സംവിധാനം ഒറ്റനോട്ടത്തില്‍ ഏകാധിപത്യ പ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെങ്കിലും കൂടുതല്‍ അപകടകരമായ, സൂക്ഷ്മ ദര്‍ശനത്തില്‍ മാത്രം പ്രകടമാകുന്ന, ഒരുതരം നിസംഗത വ്യാപരിക്കുന്നുണ്ട്; പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള വിമുഖത.
കോടതിയുടെ നിരീക്ഷണങ്ങളിലും വര്‍ത്തമാനങ്ങളിലും പോലും അത് വ്യക്തമാണ്, ഭരണഘടനാ ധാര്‍മികതയെ കുറിച്ചും ജ്ഞാനോദയ മൂല്യങ്ങളെ കുറിച്ചും ജനാധിപത്യത്തിന്റെ വികാസത്തെ കുറിച്ചും രാഷ്ട്രീയവും സാമൂഹികവുമായ നീതിയെക്കുറിച്ചും വാചാലമാകേണ്ട കോടതി മുറികളില്‍ ‘സ്വദേശി വിധി ന്യായം’ പോലുള്ള അപഹാസ്യമായ പരികല്പനകള്‍ ആഘോഷിക്കപ്പെടുകയാണ്.
കേവലമായ ഭരണനിര്‍വഹണ നടപടികള്‍ക്കപ്പുറം ഭരണഘടന മുന്നോട്ടുവയ്ക്കുന്ന നീതി എന്ന സങ്കല്‍പത്തെ സാക്ഷാത്കരിക്കുന്നതിനുള്ള മാര്‍ഗമായി നീതിന്യായ സംവിധാനം സ്വയം വീണ്ടെടുക്കേണ്ടതുണ്ട്. ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ പൗര സമൂഹത്തിന്റെ പക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാടുകളാണ് കോടതി സ്വീകരിക്കേണ്ടത്. അല്ലാതെ യാന്ത്രികമായ നിഷ്പക്ഷതയല്ല.
പൊതുസമൂഹത്തില്‍ വിശ്വാസ്യത ഉണ്ടാകണമെങ്കില്‍ ജുഡീഷ്യറിയില്‍ സുതാര്യത കൊണ്ടുവന്നേ മതിയാകൂ. സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ വിഷയങ്ങളില്‍ ഭരണഘടനാ ധാര്‍മികതയുടെയും, ക്ഷേമ രാഷ്ട്ര സങ്കല്പത്തിന്റെയും, നീതിയുടെയും പക്ഷത്ത് നില്‍ക്കുവാന്‍ കോടതിക്ക് കഴിയണം. സാങ്കേതികത്വം കൊണ്ട് നീതിയെ ഞെരുക്കി ഇല്ലാതാക്കുന്ന സമീപനം നിരാകരിക്കുവാന്‍ തയ്യാറാവണം.
ജനാധിപത്യം ശോഷിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍ കോടതി പാലിക്കുന്ന നിസംഗത കുറ്റകരമാണ്. ഭരണഘടനയ്ക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല, കോടതിയെയാണ് നമുക്ക് ആശ്രയിക്കാന്‍ കഴിയുക. ഭരണഘടന ഐച്ഛികമായ അധികാരത്തെ നിയന്ത്രിക്കുന്നതിനുള്ള ജനകീയ രേഖയാണെന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കാന്‍ 2026ലെ എങ്കിലും നമ്മുടെ കോടതികള്‍ക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.
Content Highlight: Supreme Court Judgments and Judges of 2025