| Tuesday, 3rd February 2026, 11:35 am

മതപരിവര്‍ത്തന നിരോധന നിയമം; കേന്ദ്രത്തോടും 12 സംസ്ഥാനങ്ങളോടും വിശദീകരണം തേടി സുപ്രീംകോടതി

യെലന കെ.വി

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ സാധുത ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹരജിയില്‍ സുപ്രീംകോടതി വിശദീകരണം തേടി. കേന്ദ്രത്തോടും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി 12 സംസ്ഥാനങ്ങളോടുമാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.

വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കിയ ഹരജികളിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി വിപുലമായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്ന് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. അന്തര്‍മത വിവാഹം കഴിക്കുന്ന ദമ്പതികളെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെക്കാന്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങളില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും വീടുകള്‍ പൊളിക്കുന്നതും പോലുള്ള കടുത്ത ശിക്ഷാനടപടികള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു.

2020 മുതല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഈ കേസുകള്‍, വിശദമായ വാദത്തിനായി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഈ നിയമങ്ങള്‍ നടപ്പിലാക്കിയതിനുശേഷം രാജ്യത്തെ പല സംസ്ഥാനങ്ങളിലും മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ വലിയ തോതിലുള്ള വേട്ടയാടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പല കേസുകളിലും പരാതിക്കാര്‍ ബന്ധുക്കളോ മൂന്നാം കക്ഷികളോ ആണെന്നും, മതിയായ തെളിവുകളില്ലാതെ തന്നെ യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേസിന്റെ തുടര്‍നടപടികള്‍ക്കായി അഭിഭാഷകയായ ശ്രിഷ്തിയെ ഹരജിക്കാരുടെ നോഡല്‍ കൗണ്‍സലായും, അഭിഭാഷകയായ രുചിരയെ എതിര്‍കക്ഷികളായ സംസ്ഥാനങ്ങളുടെ നോഡല്‍ കൗണ്‍സലായും കോടതി നിയമിച്ചിട്ടുണ്ട്.

Content Highlight: Supreme Court issues notices to 12 States on plea over anti-conversion laws

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more