| Friday, 29th August 2025, 4:53 pm

രാമസേതു ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്ന ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘രാമസേതു’വിനെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുന്‍ രാജ്യസഭാ എം.പി ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.

ഈ വിഷയത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാണ് സ്വാമി ഹരജിയില്‍ ആവശ്യപ്പെട്ടത്.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇതില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയക്കുകയായിരുന്നു.

കേസ് നാല് ആഴ്ചകള്‍ക്ക് ശേഷം വീണ്ടും പരിഗണിക്കും. സ്വാമിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക വിഭ ദത്ത മഖിജയാണ് കോടതിയില്‍ ഹാജരായത്.

തമിഴ്നാടിന്റെ തെക്കുകിഴക്കന്‍ തീരത്തുള്ള പാമ്പന്‍ ദ്വീപിനും ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള മാന്നാര്‍ ദ്വീപിനും ഇടയിലുള്ള കടലിനടിയിലെ ചുണ്ണാമ്പുകല്ലുകളുടെ സ്വാഭാവിക ശൃംഖലയാണ് രാമ സേതു.

നേരത്തെ, ഒന്നാം യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച സേതുസമുദ്രം കപ്പല്‍ ചാനല്‍ പദ്ധതിക്കെതിരെ ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമി പൊതുതാത്പര്യ ഹരജി നല്‍കിയിരുന്നു.

ഈ ഹരജിയില്‍, രാമസേതുവിന് കോട്ടം വരുത്തുന്ന പദ്ധതിക്കെതിരെ അദ്ദേഹം ശക്തമായി നിലപാടെടുത്തു.

തുടര്‍ന്ന്, 2007-ല്‍ സുപ്രീം കോടതി രാമസേതു പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യുകയും ചെയ്തു. പിന്നീട്, രാമസേതുവിന് കേടുപാടുകള്‍ വരുത്താതെ ബദല്‍ മാര്‍ഗം തേടാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Content Highlight: Supreme Court issues notice to Centre on plea seeking declaration of Ram Setu as national monument

We use cookies to give you the best possible experience. Learn more