| Tuesday, 11th March 2025, 2:02 pm

രാജ്യത്തെ ഭിന്നശേഷി തടവുകാര്‍ക്ക് ജയിലുകളില്‍ ആവശ്യ സൗകര്യങ്ങള്‍ ഒരുക്കണം; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ജയിലുകളില്‍  ഭിന്നശേഷി തടവുകാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും 2016 ലെ വികലാംഗ അവകാശ നിയമം (Rights of Persons with Disabilities Act, 2016) നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്.

ആക്ടിവിസ്റ്റ് സത്യന്‍ നരവൂര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഇഷ്യൂ നോട്ടീസ് നാല് ആഴ്ചയ്ക്കുള്ളില്‍ തിരികെ നല്‍കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

വികലാംഗ തടവുകാര്‍ ജയിലുകളില്‍ നേരിടുന്ന കടുത്ത അവഗണന കാണിക്കാന്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബയുടെയും ആക്ടിവിസ്റ്റ് സ്റ്റാന്‍ സ്വാമിയുടെയും ഉദാഹരണങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് പുറമെ ഭിന്നശേഷി തടവുകാരുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലുള്ള ജയില്‍ നിയമത്തില്‍ ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ പറയുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 10 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച പ്രൊഫസര്‍ ജി.എന്‍. സായിബാബ കുറ്റവിമുക്തനാക്കപ്പെട്ട് ഏഴ് മാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12ന്  ഹൈദരാബാദില്‍വെച്ചാണ്‌ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മരണപ്പെടുന്നത്. ദല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറായിരുന്നു അദ്ദേഹം. ഭീമ-കൊറേഗാവ് കേസില്‍ അറസ്റ്റിലായ സ്റ്റാന്‍ സ്വാമി 2021ല്‍ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്.

2016ല്‍ വികലാംഗരുടെ അവകാശ നിയമം പ്രാബല്യത്തില്‍ വന്ന് എട്ട് വര്‍ഷം പിന്നിട്ടിട്ടും, മിക്ക സംസ്ഥാനങ്ങളിലേയും ജയില്‍ മാനുവലുകളില്‍ റാമ്പുകള്‍ക്കും മറ്റ് അവശ്യ നടപടികള്‍ക്കുമുള്ള നിര്‍ബന്ധിത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്‌.

‘ഈ തുടര്‍ച്ചയായ പരാജയം ജയില്‍ പരിസരത്തെ വികലാംഗ തടവുകാരുടെ ചലനത്തെ സാരമായി ബാധിക്കുന്നു. നിയമപരമായ ആവശ്യങ്ങളുടെ ലംഘനമാണിത്,’ ഹരജിയില്‍ പറയുന്നു.

റാമ്പുകള്‍, സൗകര്യപ്രദമായ ടോയ്‌ലെറ്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം വൈകല്യമുള്ള തടവുകാര്‍ പലപ്പോഴും അവരുടെ ദൈനംദിന പ്രവര്‍ത്തികള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

Content Highlight: Supreme Court issues notice to Centre, asks it to provide necessary facilities to differently-abled prisoners in  jails

We use cookies to give you the best possible experience. Learn more