| Thursday, 4th September 2025, 1:26 pm

ഈ വര്‍ഷം മാത്രം 11 കസ്റ്റഡി മരണങ്ങള്‍, പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി ഇല്ലാത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കസ്റ്റഡി മരണങ്ങളുടെ എണ്ണം കൂടിയത് ശ്രദ്ധയില്‍ പെട്ടതിനാല്‍ രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറകള്‍ ഉണ്ടോയെന്നും അവ പ്രവര്‍ത്തനക്ഷമമാണോ എന്നും അന്വേഷിക്കാന്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഇന്ത്യയില്‍ ഈ വര്‍ഷം എട്ട് മാസത്തിനുള്ളില്‍ 11 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അന്വേഷണം നടത്താനാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്.

2020ലാണ് പൊലീസ് അതിക്രമങ്ങള്‍ തടയുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ഇന്ത്യയിലുടനീളം സി.ബി.സി.ഐ.ഡി, എന്‍.ഐ.എ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടേത് ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നൈറ്റ് വിഷനുള്ള സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഇ.ഡി, നര്‍ക്കോട്ടിക്‌സ് ബ്യുറോ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പ് ഉള്‍പ്പെടെ എല്ലായിടത്തും സി.സി.ടിവി ഉണ്ടായിരിക്കണമെന്നും ദൃശ്യങ്ങള്‍ 18 മാസം വരെ സൂക്ഷിക്കണമെന്നും കോടി ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ഉത്തരവിന് ശേഷവും പല പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാത്തത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോടതി ഇടപെട്ടത്.

ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നുള്ള വാദങ്ങള്‍ അധികരിച്ചതും സാങ്കേതിക തകരാറുകള്‍ ആരോപിച്ച് ദൃശ്യങ്ങള്‍ കൈമാറാതെ കേസില്‍ നിന്ന് തടിയൂരാന്‍ പല ഏജന്‍സികളും ശ്രമിക്കുന്നതും കോടതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി ഇത്തരമൊരു നീക്കം നടത്തിയത്.

ഗുരുതരമായ പരിക്കുകളോ കസ്റ്റഡി മരണങ്ങളോ ഉണ്ടായാല്‍ മനുഷ്യാവകാശ കമ്മീഷനെയും കോടതിയെയും സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്ന് 2020ലെ ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന് സാഹയമാകാനാണ് പൊലീസ് സ്റ്റേഷനില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. വൈദ്യുതിയോ ഇന്റര്‍നെറ്റോ ഇല്ലാത്ത പ്രദേശങ്ങളില്‍ സൗരോര്‍ജമോ കാറ്റിലൂടെയോ വൈദ്യുതി ലഭ്യമാക്കണമെന്നും അന്നത്തെ ഉത്തരവില്‍ പറഞ്ഞിരുന്നു.

Content Highlight: Supreme Court initiates sue over CCTV cameras in Police stations across the country

We use cookies to give you the best possible experience. Learn more