| Thursday, 17th April 2025, 3:48 pm

സിവില്‍ കേസ് ക്രിമിനല്‍ കേസാക്കിയ ഉത്തര്‍പ്രദേശ് പൊലീസിന് 50,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിവില്‍ കേസ് ക്രിമിനല്‍ കേസാക്കിയ യു.പി പൊലീസിന് പിഴ ചുമത്തി സുപ്രീം കോടതി. 50,000രൂപ പിഴ അടയ്ക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടു.

കേസില്‍ കുറ്റക്കാരനായ പൊലീസുകാരനില്‍ നിന്നും സംസ്ഥാനത്തിന് ചെലവ് ഈടാക്കാമെന്നും കോടതി വാക്കാല്‍ പറഞ്ഞു.

സിവില്‍ തര്‍ക്കങ്ങള്‍ ക്രമിനല്‍ കേസുകളായി രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിയെയും സുപ്രീം കോടതി അപലപിച്ചു. സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളായി ഫയല്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസാണ് യു.പി പൊലീസ് വഞ്ചനാകുറ്റം ചുമത്തിയത്. ഒരു വീടിന്റെ വില്‍പ്പന രേഖ നല്‍കാമെന്ന് വ്യാഡജ വാഗ്ദാനം നല്‍കി ഹരജിക്കാരന്‍ തന്നെ 19 ലക്ഷം രൂപ പറ്റിച്ചുവെന്നായിരുന്നു പരാതിക്കാരന്‍ കേസ് നല്‍കിയത്.

ഐ.പി.സി 420, 406, 354, 504, 506 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളായിരുന്നു പൊലീസ് ഹരജിക്കാരനെതിരെ ചുമത്തിയത്. വകുപ്പ് പ്രകാരമുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.

തനിക്കെതിരായ കുറ്റകൃത്യങ്ങളും ക്രിമിനല്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു.

അതേസമയം കേസില്‍ വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. മൂന്നാഴ്ചത്തേക്ക് ക്രിമിനല്‍ വിചാരണ സ്‌റ്റേ ചെയ്തതായും ബെഞ്ച് അറിയിച്ചു.

കേസില്‍ വ്യക്തവും വിശദവുമായ കുറ്റപത്രം ഹാജരാക്കണമെന്നും കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോടതി നിര്‍ദേശപ്രകാരം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഹാജരാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

Content Highlight: Supreme Court imposes Rs 50,000 fine on Uttar Pradesh Police for converting civil case into criminal case

We use cookies to give you the best possible experience. Learn more