| Wednesday, 21st May 2025, 4:24 pm

ജാമ്യം അനുവദിച്ചെങ്കിലും അലി ഖാൻ മഹ്മൂദാബാദിന്റെ പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അശോക സർവകലാശാല പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിന് ഇടക്കാല ജാമ്യം അനുവദിച്ചതിനോടൊപ്പം അദ്ദേഹത്തിന്റെ പോസ്റ്റിനെക്കുറിച്ച് കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് സുപ്രീം കോടതി.

കർശന ഉപാധികളോടെ അലി ഖാൻ മഹ്മൂദാബാദിന് ഇടക്കാല ജാമ്യം അനുവദിച്ച കോടതി അദ്ദേഹത്തിന്റെ പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കാൻ ഐ.ജി റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിൽ ഒരു വനിതാ ഓഫീസർ ഉൾപ്പെടെയുള്ള അന്വേഷണസംഘം 24 മണിക്കൂറിനുള്ളിൽ രൂപീകരിക്കാൻ ഹരിയാന ഡി.ജി.പിക്ക് നിർദേശം നൽകി.

അതോടൊപ്പം ഈ കേസിലെ വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന് എഴുതാനോ പ്രസംഗിക്കാനോ കഴിയില്ലെന്നും കോടതി പറഞ്ഞു. കൂടാതെ അദ്ദേഹത്തിൻറെ വിദേശയാത്രകൾ വിലക്കുകയും, പാസ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

‘ഇന്ത്യൻ മണ്ണിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചും നമ്മുടെ രാഷ്ട്രം നൽകിയ പ്രത്യാക്രമണത്തെക്കുറിച്ചോ എന്തെങ്കിലും അഭിപ്രായം പറയുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്,’ കോടതി പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ. കെ. സിങ് എന്നിവരുടെ ബെഞ്ചാണ് ജാമ്യ ഹരജി പരിഗണിച്ചത്.

അതേസമയം അശോക സർവകലാശാലയിലെ വിദ്യാർത്ഥികളും പ്രൊഫസർമാരും, ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചാൽ കോടതി അത് അംഗീകരിക്കില്ലെന്നും അവർ കൈകോർക്കാൻ ശ്രമിച്ചാൽ, ഈ ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോടതിക്കറിയാമെന്നും അവർ തങ്ങളുടെ അധികാര പരിധിയിലാണെന്നും കോടതി പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു.

ജസ്റ്റിസ് സൂര്യകാന്തിന്റെ പല പരാമർശങ്ങൾക്ക് നേരെയും സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരിക്കുകയാണിപ്പോൾ. ‘എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇതുപോലെ വർഗീയമായി സംസാരിക്കേണ്ടത് ഈ സമയത്താണോ? ഈ ഘട്ടത്തിൽ ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി ശ്രമിക്കുന്നത് എന്തിനാണ്?

മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാനും, അവഹേളനവും അപകീർത്തിയും സൃഷ്ടിക്കാനും മനപ്പൂർവമായി തെരഞ്ഞെടുത്ത വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതേ കാര്യം തന്നെ മറ്റുള്ളവരെ വേദനിപ്പിക്കാതെ ലളിതമായ ഭാഷയിൽ പറയാമായിരുന്നു. മറ്റുള്ളവരുടെ വികാരം മനസിലാക്കാൻ ശ്രമിക്കുക. അവരെ ബഹുമാനിച്ചുകൊണ്ട് ലളിതവും നിഷ്പക്ഷവുമായ ഭാഷ ഉപയോഗിക്കുക. അദ്ദേഹം യുദ്ധവിരുദ്ധനാണെന്നാണ് പറയുന്നത്, സൈനികരുടെ കുടുംബങ്ങൾ, അതിർത്തി മേഖലകളിലെ കുടുംബങ്ങൾ, ഒക്കെ ദുരിതമനുഭവിക്കേണ്ടി വരും എന്ന് പറയുന്നുണ്ട്. എന്നാലും ചില വാചകങ്ങൾക്ക് രണ്ടർത്ഥമുണ്ട്,’ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

Content Highlight: Supreme Court forms special team to investigate Ali Khan Mahmudabad’s post despite granting bail; draws sharp criticism

We use cookies to give you the best possible experience. Learn more