ന്യൂദല്‍ഹി: ജാമ്യാപേക്ഷ 21 തവണ മാറ്റിവച്ച അലഹബാദ് ഹൈക്കോടതിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി.
വ്യക്തിപരമായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു.
ഈ വിഷയത്തില്‍ ഇടപെടണമെന്ന് സുപ്രീം കോടതി അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തു.
‘പൗരന്മാരുടെ വ്യക്തിപരമായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ കേട്ട് തീര്‍പ്പാക്കണം എന്ന് ഞങ്ങള്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്.
അതിനാല്‍, ഈ കേസ് വേഗത്തില്‍ പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസുമാരായ എന്‍.വി. അഞ്ജരിയ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കുല്‍ദീപ് എന്നയാളുടെ ഹരജി പരിഗണിക്കവെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ 21 തവണ മാറ്റിവച്ചതായും, അടുത്ത ഹിയറിങ് രണ്ട് മാസത്തിന് ശേഷമാണ് തീരുമാനിച്ചിരിക്കുന്നതെന്നും കോടതിയെ അറിയിച്ചത്.
ജാമ്യാപേക്ഷ 43 തവണ മാറ്റിവച്ച മറ്റൊരു കേസില്‍ അടുത്തിടെ സുപ്രീം കോടതി ജാമ്യം അനുവദിച്ച കാര്യം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് വ്യക്തിപരമായി ഈ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നതായി ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു.
ഈ കേസില്‍ തല്‍ക്കാലം ജാമ്യം അനുവദിക്കാന്‍ വിസമ്മതിച്ച ബെഞ്ച്, ‘അടുത്ത തവണയെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്ന് കൂട്ടിച്ചേര്‍ത്തു. അതൃപ്തിയുണ്ടെങ്കില്‍ പ്രതിക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വ്യക്തിപരമായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകള്‍ മാറ്റിവയ്ക്കുന്ന ഹൈക്കോടതിയുടെ പ്രവണതയെ ചീഫ് ജസ്റ്റിസ് അടുത്തിടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
തുടര്‍ച്ചയായി 43 തവണ മാറ്റിവച്ച ഒരു ജാമ്യാപേക്ഷയില്‍, മൂന്നര വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഓഗസ്റ്റ് 25-ന്, രാംനാഥ് മിശ്ര എന്ന പ്രതിയുടെ ഹരജി പരിഗണിച്ച കോടതി അദ്ദേഹത്തെ മറ്റ് കേസുകളില്‍ ആവശ്യമില്ലെങ്കില്‍ ഉടന്‍ വിട്ടയക്കാന്‍ ഉത്തരവിട്ടു.
ഈ കേസ് 43 തവണയാണ് മാറ്റിവെച്ചത്. വ്യക്തിപരമായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇത്രയധികം തവണ മാറ്റിവയ്ക്കുന്ന ഹൈക്കോടതിയുടെ പ്രവണതയെ അംഗീകരിക്കില്ല.
Content Highlight: Supreme Court expressed dissatisfaction with the Allahabad High Court, which postponed the bail application 21 times