| Monday, 21st April 2025, 1:14 pm

വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരായ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹരജി തള്ളി സുപ്രീം കോടതി.

സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. എന്നാല്‍ ഹരജിയില്‍ ഇടപെടാതെ സുപ്രീം കോടതി അപേക്ഷ തള്ളുകയായിരുന്നു.

ഹൈക്കോടതി ഹരജിയിലെ എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വയനാട് പുനരധിവാസത്തിനായി ഭൂമിയേറ്റെടുക്കുന്നത് സര്‍ക്കാരിന് തുടരാമെന്നും കോടതി അറിയിച്ചു.

ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് 567 കോടി രൂപയുടെ മൂല്യമുണ്ടെന്നും ഈ വില കണക്കാക്കാതെയാണ് സര്‍ക്കാര്‍ നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നുമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹരജിയില്‍ പറഞ്ഞിരുന്നത്.

അതിനാല്‍ തന്നെ എസ്റ്റേറ്റ് വിട്ടുനല്‍കുന്നത് തങ്ങള്‍ക്ക് വലിയ തോതിലുള്ള സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കുമെന്നും എല്‍സ്റ്റണ്‍ പറയുന്നു.

അതേസമയം വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാമെന്നും ഇതിനായി 17 കോടി രൂപകൂടി സര്‍ക്കാര്‍ കെട്ടിവെക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇത് നേരത്തേ സര്‍ക്കാര്‍ കെട്ടിവച്ച 26.51 കോടി രൂപക്ക് പുറമേയായിരുന്നു. കോടതിയുടെ ഇടക്കാല നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച 26.51 കോടി ഹൈക്കോടതിയില്‍ കെട്ടിവച്ച് ടൗണ്‍ഷിപ്പിന്റെ നിര്‍മാണ ഉദ്ഘാടനം നടത്താനും അനുമതി ലഭിച്ചിരുന്നു.

ഇതിനുപുറമെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വയനാട് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍ ഏറ്റെടുക്കുന്ന 78.73 ഹെക്ടര്‍ ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നും നഷ്ടപരിഹാരം ന്യായമല്ലെന്നുമാണ് എല്‍സ്റ്റണിന്റെ വാദം. എല്‍സ്റ്റണിന്റെ എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തടസ ഹരജിയും സമര്‍പ്പിച്ചിരുന്നു.

Content Highlight: Supreme Court does not interfere in Elston Estate’s petition

We use cookies to give you the best possible experience. Learn more