| Thursday, 4th June 2026, 3:29 pm

ഹരജി അപ്രസക്തം; വിനേഷ് ഫോഗട്ടിനെതിരായ റെസ്‌ലിങ് ഫെഡറേഷന്റെ ഹരജി തള്ളി സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരായി റെസ്‌ലിങ് ഫെഡറേഷന്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ഏഷ്യന്‍ ഗെയിംസ് തെരഞ്ഞെടുപ്പ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ഹരജി നല്‍കിയിരുന്നത്.

ട്രയല്‍സ് കഴിഞ്ഞ സാഹചര്യത്തില്‍ ഫെഡറേഷന്റെ ആവശ്യത്തിന് ഇപ്പോള്‍ യാതൊരു പ്രസ്‌ക്തിയുമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ പി. എസ്. നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ചത്.

ദല്‍ഹി ഹൈക്കോടതിയുടെ മുന്‍ ഉത്തരവിലെ നിരീക്ഷണങ്ങള്‍ വിശദമായി പരിശോധിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി, കീഴ്ക്കോടതിയുടെ കണ്ടെത്തലുകളെ പരമോന്നത കോടതി അംഗീകരിച്ചിട്ടുണ്ടെന്ന രീതിയില്‍ ഇതിനെ വ്യാഖ്യാനിക്കരുതെന്നും വ്യക്തമാക്കി.

ഹൈക്കോടതി തങ്ങള്‍ക്കെതിരെ നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അതിന് തയ്യാറായില്ല.
കേസുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ വശങ്ങളും ഭാവി വാദങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും ബെഞ്ച് അറിയിച്ചു.

സെലക്ഷന്‍ ട്രയല്‍സില്‍ ഫോഗട്ട് പങ്കെടുത്തിരുന്നെങ്കിലും യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഫെഡറേഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡി.എന്‍ ഗേബര്‍ധുനന്‍ കോടതിയെ അറിയിച്ചു.

ഈ വര്‍ഷം നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിനായി മെയ് 30, 31 തീയതികളില്‍ നടന്ന തെരഞ്ഞെടുപ്പ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മെയ് 29 നാണ് സുപ്രീം കോടതി വിനേഷ് ഫോഗട്ടിന് ഇടക്കാല അനുമതി നല്‍കിയിരുന്നത്.

ഗുസ്തി താരത്തിന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയ ദല്‍ഹി ഹൈക്കോടതിയുടെ മെയ് 22 ലെ ഉത്തരവിനെയാണ് റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നത്.

2026 ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കണമെങ്കില്‍ സമീപകാലത്തെ ചില നിര്‍ദ്ദിഷ്ട ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം എന്ന് റെസ്‌ലിങ് ഫെഡറേഷന്‍ പുതിയ സര്‍ക്കുലറിലൂടെ കര്‍ശനമാക്കിയിരുന്നു.

എന്നാല്‍ പ്രസവാവാധിയിലായിരുന്നതിനാല്‍ ഫോഗട്ടിന് ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഫോഗട്ടിനെ മുന്‍കാല നേട്ടങ്ങളോ താരത്തിന്റെ സീനിയോറിറ്റിയോ പരിഗണിക്കാതെ, ഈ അസാന്നിധ്യം ചൂണ്ടിക്കാട്ടി വിനേഷിന് ട്രയല്‍സില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഫോഗട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ഒരു വനിതാ കായികതാരത്തിന് പ്രസവകാലവും അതിനുശേഷമുള്ള വിശ്രമവും ഒരിക്കലും അവരുടെ കരിയറിന് തിരിച്ചടിയാകരുത് എന്ന് കോടതി വ്യക്തമാക്കുകയും. പ്രസവത്തിന്റെ പേരില്‍ കരിയറില്‍ വിവേചനം കാണിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പാരീസ് ഒളിമ്പിക്സിലെ വിനേഷിന്റെ ഭാരക്കൂടുതല്‍ മൂലമുള്ള അയോഗ്യതയെ ‘ദേശീയ നാണക്കേട്’ എന്ന് വിശേഷിപ്പിച്ച ഫെഡറേഷന്റെ നോട്ടീസിലെ പരാമര്‍ശങ്ങള്‍ വഞ്ചനാപരവും പ്രതികാരബുദ്ധിയോടെയുള്ളതുമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Content Highlight: Supreme Court dismisses Wrestling Federation’s plea against Vinesh Phogat as irrelevant

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more