| Monday, 31st August 2026, 2:30 pm

പെട്രോളില്‍ കലര്‍ത്തിയ എഥനോള്‍ ശതമാനം വ്യക്തമാക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി 

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: പമ്പുകളില്‍ നിന്നും നല്‍കുന്ന ബില്ലുകളില്‍ എഥനോള്‍ ശതമാനം വ്യക്തമാക്കണമെന്ന പൊതുതാത്പര്യ ഹരജി തള്ളി സുപ്രീം കോടതി.

പെട്രോള്‍ പമ്പുകളിലെ ഇന്ധന വിതരണ നോസിലുകളിലും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലുകളിലും എഥനോള്‍ ശതമാനം നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.

ജസ്റ്റിസ് എം.എം സുന്ദരേശനും ജസ്റ്റിസ് പ്രസന്ന ബി. വരാലെയും അടങ്ങുന്ന ബെഞ്ച് ഹരജി പരിഗണിക്കാന്‍ വിസമ്മതിക്കുകയും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

എഥനോള്‍ കലര്‍ന്ന പെട്രോള്‍, പ്രത്യേകിച്ച് ഇ-20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

വാഹനത്തിന്റെ മോഡല്‍, നിര്‍മ്മാണ വര്‍ഷം എന്നിവയ്ക്ക് അനുസരിച്ച് വിവിധ എഥനോള്‍ മിശ്രിതങ്ങളുമായുള്ള അനുയോജ്യത വ്യക്തമാക്കുന്ന ഔദ്യോഗിക ഡാറ്റാബേസ് തയ്യാറാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

പെട്രോള്‍ ബില്ലില്‍ എഥനോളിന്റെ അളവ് രേഖപ്പെടുത്തുന്നതിനൊപ്പം പഴയതും ഇ-20ന് അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ക്ക് പ്രത്യേക പരിവര്‍ത്തന നയം വേണമെന്നും ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങളുടെ ഇന്ധനക്ഷമത, എഞ്ചിന്‍ കാലാവധി, പരിപാലന ചെലവ്, വാറന്റി, ഇന്‍ഷുറന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പഠനം നടത്താന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ എഥനോള്‍ കലര്‍ന്ന പെട്രോളിന്റെ അളവ് പമ്പുകളിലും ഇന്ധന ബില്ലുകളിലും നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല.

Content Highlights: Supreme Court dismisses plea seeking disclosure of ethanol percentage in petrol.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more