| Monday, 8th September 2025, 8:27 pm

രേവന്ത് റെഡ്ഡിക്കെതിരായ ബി.ജെ.പിയുടെ മാനനഷ്ടക്കേസ് തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കെതിരായ ബി.ജെ.പിയുടെ മാനനഷ്ടക്കേസ് തള്ളി സുപ്രീം കോടതി. രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് കോടതിയെ ഉപയോഗിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, അതുല്‍ ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ബി.ജെ.പി രേവന്ത് റെഡ്ഡിക്കെതിരെ പരാതിപ്പെട്ടത്.

ഓഗസ്റ്റ് ഒന്നിന് തെലങ്കാന ഹൈക്കോടതി ബി.ജെ.പിയുടെ മാനനഷ്ടക്കേസ് റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഒരു രാഷ്ട്രീയക്കാരന് വിമര്‍ശനങ്ങള്‍ സഹിക്കാനുള്ള ശക്തമായ കഴിവ് ഉണ്ടായിരിക്കണമെന്ന് ഉപദേശിച്ച് സുപ്രീം കോടതി ഹരജി തള്ളുകയാണ് ചെയ്തത്.

ബി.ജെ.പിയുടെ പരാതിയില്‍ വിചാരണ കോടതി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വതന്ത്രമായാണ് രേവന്ത് റെഡ്ഡിക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കുകയാണ് ചെയ്തത്. ബി.ജെ.പി തെലങ്കാന നേതൃത്വത്തെ അപമാനിക്കുന്നതോ അധിക്ഷേപിക്കുന്നതോ ആയ വിധത്തില്‍ രേവന്ത് റെഡ്ഡി പ്രസംഗിച്ചിട്ടില്ലെന്നുമാണ് ഹൈക്കോടതി ജസ്റ്റിസ് കെ. ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

അതുകൊണ്ട് തന്നെ ബി.ജെ.പി നേതാവിനെ രേവന്ത് റെഡ്ഡി നേരിട്ട് അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകുന്നത്.

അധികാരത്തിലെത്തിയാല്‍ സംവരണം നിര്‍ത്തലാക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നുവെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം.

കൊതഗുഡെമില്‍ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. അമിത് ഷായുടെ ഒരു വീഡിയോ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രസംഗം.

പിന്നാലെ ബി.ജെ.പി അധികാരത്തിലേറിയാല്‍ സംവരണം നിര്‍ത്തലാക്കുമെന്ന് മുഖ്യമന്ത്രി തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് കസം വെങ്കടേശ്വര്‍ലു പരാതി നല്‍കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നായിരുന്നു ഇയാളുടെ പരാതി.

Content Highlight: Supreme Court dismisses BJP’s defamation case against Revanth Reddy

We use cookies to give you the best possible experience. Learn more