| Friday, 19th September 2025, 3:22 pm

ഇന്ത്യന്‍ ഫുട്‌ബോളിന് ആശ്വാസം; ഫിഫയുടെ വിലക്കിനുള്ള സാധ്യത മങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് സുപ്രീം കോടതിയില്‍ അനുകൂല വിധി. എ.ഐ.എഫ്.എഫിന്റെ പുതുക്കിയ ഭരണഘടന സുപ്രീം കോടതി അംഗീകരിച്ചു. മാറ്റങ്ങള്‍ വരുത്തിയ കരട് ഭരണഘടനയ്ക്കാണ് അംഗീകാരം ലഭിച്ചത്. ഇത് നിലവില്‍ കൊണ്ടുവരാന്‍ നാല് ആഴ്ചയ്ക്കകം തന്നെ ജനറല്‍ ബോഡി ചേരാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ നരസിംഹ, എ.എസ് ചന്ദൂര്‍കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത്.

ഒക്ടോബര്‍ 14ന് തന്നെ ഭരണഘടന അംഗീകരിക്കാന്‍ എ.ഐ.എഫ്.എഫ് ജനറല്‍ ബോഡി മീറ്റിങ് നടത്തിയേക്കുമെന്നാണ് വിവരം.

പുതിയ ഭരണഘടന അനുസരിച്ച് ഫെഡറേഷന്‍ അംഗങ്ങള്‍ക്ക് ഭരണസമിതിയില്‍ 14 വര്‍ഷം മാത്രമാണ് തുടരാനാവുക. അതില്‍ തന്നെ തുടര്‍ച്ചയായി എട്ട് വര്‍ഷമാണ് ഒരു അംഗത്തിന് തുടരാന്‍ സാധിക്കുക. കൂടാതെ, 70 വയസ് പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

ഫെഡറേഷനില്‍ 14 അംഗങ്ങളാണ് ഉണ്ടാവുക. അതില്‍ വൈസ് പ്രസിഡന്റടക്കം ആറ് പേര്‍ സ്ത്രീകളായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. ഒപ്പം തന്നെ അംഗങ്ങളില്‍ പത്ത് പേര്‍ മുന്‍ താരങ്ങളായിരിക്കാമെന്നുമാണ് ഭരണഘടനയിലെ മാറ്റങ്ങള്‍.

2017 മുതല്‍ എ.ഐ.എഫ്.എഫിന്റെ പുതിയ ഭരണഘടനയില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. പ്രശ്നത്തെ തുടര്‍ന്ന് 2022ല്‍ ഒരു കരട് ഭരണഘടന എ.ഐ.എഫ്.എഫ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ മാസം ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ഒക്ടോബര്‍ 30 മുമ്പ് ഭരണഘടന അംഗീകരിക്കണമെന്നും ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും അന്ത്യശാസനം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ വിലക്ക് അടക്കമുള്ള നടപടികളുണ്ടാവുമെന്നും എ.ഐ.എഫ്.എഫിന് അയച്ച കത്തില്‍ ഫിഫ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചത് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ ആശ്വാസമാണ്. ഇതോടെ ഫിഫയുടെ വിലക്കിനുള്ള സാധ്യതയും ഇല്ലാതായി.

അതേസമയം, കല്യാണ്‍ ചൗബെക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കോടതി അനുമതി നല്‍കി. പുതിയ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടത്തിയാല്‍ മതിയെന്നും കോടതി നിര്‍ദേശമുണ്ട്.

നിലവില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ വലിയ പ്രതിസന്ധികളിലൂടയാണ് കടന്നുപോവുന്നത്. സംപ്രേക്ഷണ തര്‍ക്കം മൂലം ആഭ്യന്തര ടൂര്‍ണമെന്റായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ജൂലൈ 11ന് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരുന്നു. പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയെങ്കിലും ഇപ്പോഴും ടൂര്‍ണമെന്റ് എന്ന് തുടങ്ങുമെന്ന് വ്യക്തതയില്ല.

Content Highlight: Supreme Court directs AIFF to adopt new Constitution and possibility for FIFA’s ban faded

We use cookies to give you the best possible experience. Learn more