| Monday, 8th January 2018, 4:00 pm

കായല്‍ കൈയേറ്റം; കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റാനാവില്ല, തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കായല്‍ കൈയേറ്റ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍.കെ.അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരുടെ ബെഞ്ച് തന്നെ ജനുവരി 11 ന് കേസ് പരിഗണിക്കും.

തനിക്കെതിരായ ഹൈക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന വിധി തെറ്റാണെന്നും ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിക്കവെ ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശമുയര്‍ന്നതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്ക് രാജി വയ്‌ക്കേണ്ടി വന്നത്.

തോമസ്ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നുമാണ് കലക്ടറുടെ റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more