ന്യൂദൽഹി: ജീവപര്യന്തം തടവ് മരവിപ്പിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി തള്ളി സുപ്രീം കോടതി. 1990ലെ കസ്റ്റഡി മരണക്കേസിൽ മുൻ ഗുജറാത്ത് ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവ് അനുഭവിച്ച് വരികയായിരുന്നു. ജീവപര്യന്തം തടവ് മരവിപ്പിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രീം കോടതി തള്ളുകയായിരുന്നു.
അപ്പീലിൽ വാദം കേൾക്കാനുള്ള നടപടി വേഗത്തിൽ ആക്കാനും സുപ്രീം കോടതി നിർദേശം നൽകി. രണ്ട് സബ് ഇൻസ്പെക്ടർമാരും മൂന്ന് പൊലീസ് കോൺസ്റ്റബിൾമാരും ഉൾപ്പെടെ ഏഴ് പേരാണ് കേസിൽ പ്രതികളായുള്ളത്.
കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ട വൈഷ്ണാനിയുടെ മരണം കസ്റ്റഡി മരണമാണെന്ന് തെളിയിക്കുന്ന ഒരു മെഡിക്കൽ തെളിവും ഇല്ലെന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ വാദിച്ചു. അപ്പീൽ പരിഗണനയിലിരിക്കെ ശിക്ഷ താത്ക്കാലികമായി നിർത്തിവയ്ക്കാനും ജാമ്യം നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.
1990 ഒക്ടോബറിൽ എൽ.കെ. അദ്വാനിയുടെ രഥയാത്രയെത്തുടർന്ന് ജാംനഗറിൽ നടന്ന വർഗീയ കലാപത്തിൽ അറസ്റ്റിലായ 130ലധികം പേരിൽ ഒരാളായിരുന്നു പ്രഭുദാസ് വൈഷ്ണാനി. സംഭവം നടക്കുമ്പോൾ ജാംനഗറിലെ അഡീഷണൽ പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ട്, പ്രഭുദാസ് വൈഷ്ണാനിയുടെ കസ്റ്റഡി മരണത്തിന് ശിക്ഷിക്കപ്പെടുകയായിരുന്നു.
2019ൽ ജാംനഗറിലെ വിചാരണ കോടതി കസ്റ്റഡി മരണത്തിൽ സഞ്ജീവ് ഭട്ട് ഉൾപ്പെടെ മൂന്ന് പൊലീസുകാരെ കുറ്റക്കാരായി വിധിച്ചു. 2024ൽ ഗുജറാത്ത് ഹൈക്കോടതി അവർ കുറ്റക്കാരാണെന്ന് പറയുകയും ജീവപര്യന്തം തടവ് ശരിവെക്കുകയും ചെയ്തു.
അതേസമയം മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ കഴിഞ്ഞ വർഷം കോടതി സഞ്ജീവ് ഭട്ടിന് 20 വർഷം തടവ് വിധിച്ചിരുന്നു. സഞ്ജീവ് ഭട്ട് ബനസ്ക്കന്ധ എസ്.പിയായിരുന്നപ്പോൾ 1996ലുണ്ടായ സംഭവമാണ് കേസിനാനാധാരം.
രാജസ്ഥാനിലെ അഭിഭാഷകനായ സുമേർസിങ് രാജ്പുരോഹിതിനെ മയക്കുമരുന്ന് കേസിൽപ്പെടുത്തിയെന്നാണ് കേസ്. പാലൻപൂരിൽ അഭിഭാഷകൻ താമസിച്ച മുറിയിൽ 1.15 കിലോ കഞ്ചാവ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്‌തുവെന്നാണ് ആരോപണം. രാജസ്ഥാനിലെ പാലിയിൽ ഒരു തർക്ക വസ്‌തുവിലുള്ള അവകാശം സുമേർസിങ് ഉപേക്ഷിക്കുന്നതിനാണ് ഇത് ചെയ്‌തതെന്നാണ് ആരോപണം. ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷത്തിലാണ് സഞ്ജീവ് ഭട്ടിനെ 2018ൽ അറസ്റ്റ് ചെയ്തു. ഇതിനിടെ ജംജോധ്‌പൂരിലെ കസ്റ്റഡി മരണക്കേസിൽ ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് തെളിവ് നൽകിയതോടെയാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തിനെതിരെയുള്ള കേസുകൾ സജീവമാക്കിയത്. 20 വർഷത്തിന് ശേഷമാണ് മയക്കുമരുന്ന് കേസിൽ ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവായത്. ഹരജിക്കാരനായ പൊലീസ് ഇൻസ്പെക്ടർ ഐ.ബി വ്യാസ് ആദ്യം പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. പിന്നീട് ഭട്ടിനെതിരെ മൊഴിനൽകി വ്യാസ് മാപ്പുസാക്ഷിയായി.
Content Highlight: Supreme Court denies bail to ex-IPS officer Sanjiv Bhatt in custodial death case
https://www.doolnews.com/soumya-r-krishna-interview-with-swetha-sanjeev-bhatt132.html