| Thursday, 16th October 2025, 9:15 am

'തൂക്കുകയറിന് ബദലായി മറ്റൊരു ഓപ്ഷന്‍ പ്രായോഗികമല്ല '; വധശിക്ഷയിലെ കേന്ദ്രസര്‍ക്കാര്‍ വാദത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് തൂക്കുകയർ അല്ലാതെ കുത്തിവെപ്പ്, ഷോക്കടിപ്പിക്കൽ തുടങ്ങിയ മാർഗങ്ങൾ പരിഗണിക്കാൻ തയ്യാറാകാത്തതിന് കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി.

വധ ശിക്ഷയ്ക്കുള്ള ഏക മാർഗമായ തൂക്കുകയർ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹരജി ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കവെയാണ് വിമർശനം. സർക്കാർ മാറ്റത്തിന് തയ്യാറല്ല എന്നതാണ് പ്രശ്നമെന്നും കോടതി ചൂണ്ടിക്കാട്ടി.

തൂക്കിക്കൊല്ലൽ അങ്ങേയറ്റം വേദനാജനകവും, മനുഷ്യത്വരഹിതവും, ക്രൂരവുമാണെന്നും കുത്തിവയ്പ്പ്, വെടിവയ്ക്കൽ, വൈദ്യുതാഘാതം അല്ലെങ്കിൽ ഗ്യാസ് ചേമ്പർ പോലുള്ള വേദനാജനകമല്ലാത്ത രീതികൾ ഉപയോഗിക്കണമെന്നും മിനിറ്റുകൾക്കുള്ളിൽ മരണത്തിന് കാരണമാകുന്ന മാർഗങ്ങൾ വേണമെന്നുമാണ് അഭിഭാഷകനായ ഋഷി മൽഹോത്ര സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിൽ പറയുന്നത്.

കൂടാതെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് വധശിക്ഷയുടെ മാർഗം തെരഞ്ഞെടുക്കാനുള്ള അനുവാദം നൽകണമെന്ന ആവശ്യം നേരത്തെ നടന്ന വാദത്തിൽ ഉയർന്നിരുന്നു. ഇതിന് നൽകിയ സത്യവാങ്മൂലത്തിലാണ് ഇത്തരമൊരു മാറ്റത്തിന് തയ്യാറല്ലെന്ന മറുപടി കേന്ദ്രം നൽകിയത്.

ഭരണഘടനാപരമായി ജീവിക്കാനുള്ള അവകാശത്തെയും അന്തസ്സിനേയും തൂക്കിക്കൊല്ലൽ ലംഘിക്കുന്നുവെന്നും ഈ മാർഗം വഴി മരണം സ്ഥിരീകരിക്കുന്നതിന് 40 മിനിറ്റ് വരെ എടുക്കുമെന്നും മറ്റ് രീതികൾ ഉടനടി മരണത്തിന് കാരണമാകുമെന്നും ഋഷി മൽഹോത്ര ചൂണ്ടിക്കാട്ടി.

ഇത് വളരെ പഴയ രീതിയാണെന്നും കാലക്രമേണ കാര്യങ്ങൾ മാറുന്നുണ്ടെന്നും ജസ്റ്റിസ് മേത്ത പറഞ്ഞു. മാറുന്ന രീതികളോട് പൊരുത്തപ്പെടാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്രം ഈ വിഷയത്തെ എതിർക്കുന്നുവെന്നും തൂക്കുകയറിന് ബദലായി മറ്റൊരു ഓപ്‌ഷൻ പ്രായോഗികമല്ലെന്നും സർക്കാരിന്റെ അഭിഭാഷക സോണിയ മാത്തൂർ പറഞ്ഞു. വധശിക്ഷ നടപ്പിലാക്കുന്ന രീതി മാറ്റുന്നത് ഒരു നയപരമായ തീരുമാനമാണെന്നും അത് കോടതിയല്ല സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.

വധശിക്ഷ നടപ്പിലാക്കുന്നതിനായി ഒരു കമ്മിറ്റി രൂപിക്കുന്നതിനെക്കുറിച്ച് 2023 ൽ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആ കമ്മറ്റിയോട് നിർദ്ദേശങ്ങൾ തേടുമെന്ന് കേന്ദ്രത്തിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.

Content Highlight: Supreme Court criticizes central government’s argument on death penalty

We use cookies to give you the best possible experience. Learn more