| Friday, 8th August 2025, 6:55 am

ഇ.ഡിയുടെ പ്രതിച്ഛായയില്‍ ആശങ്ക; വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇ.ഡിയുടെ പ്രതിച്ഛായയില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. അന്വേഷണവും സാക്ഷികളെയും മെച്ചപ്പെടുത്തണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ) പ്രധാന വ്യവസ്ഥകള്‍ ശരിവെച്ചുകൊണ്ടുള്ള മുന്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും ഫലങ്ങളും തമ്മിലുള്ള അന്തരം ബെഞ്ച് ചൂണ്ടിക്കാട്ടി. അയ്യായിരത്തിലധികം കേസുകള്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ പത്തെണ്ണം മാത്രമാണ് തെളിയിക്കാന്‍ കഴിഞ്ഞതെന്നും കോടതി നിരീക്ഷിച്ചു.

പ്രതികളുടെ ദീര്‍ഘകാല കസ്റ്റഡിയിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. ‘അഞ്ചോ ആറോ വര്‍ഷം വരെ കുറ്റാരോപിതര്‍ കസ്റ്റഡിയില്‍ തുടരുകയും അതിന് ശേഷം കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുമ്പോള്‍ പിന്നെ എന്ത് സംഭവിക്കും?’ ബെഞ്ച് ചോദിച്ചു.

കേസുകളിലെ കാലതാമസം പരിഹരിക്കുന്നതിനായി ഇ.ഡി, യു.എ.പി.എ, എന്‍.ഐ.എ കേസുകള്‍ക്കായി ദൈനംദിന വിചാരണക്ക് വേണ്ടി പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അമിതഭാരമുണ്ടെന്ന് ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു. കോടതികളേക്കാള്‍ കൂടുതല്‍ ഭാരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതെന്നും ഇക്കാലത്ത് എല്ലാം തട്ടിപ്പുകാരുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ക്ക് വഞ്ചകന്മാരെ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നിയമത്തിന്റെ നാല് കോണുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം. നിയമം നടപ്പിലാക്കുന്ന അധികാരികള്‍ക്കും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇടയില്‍ വ്യത്യാസമുണ്ട്,’ കോടതി മറുപടി നല്‍കി.

അധികാരമുള്ള പ്രതികള്‍ പലപ്പോഴും നിരവധി അപേക്ഷകള്‍ കോടതിയില്‍ ഫയല്‍ ചെയ്യുന്നുണ്ടെന്നും ഇതുമൂലം കേസുകള്‍ അന്വേഷിക്കുന്നതിന് പകരം അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമയം ചെലവഴിക്കേണ്ടിവരുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

\Content Highlight: Supreme Court Criticize Enforcement Directorate

We use cookies to give you the best possible experience. Learn more