| Monday, 24th November 2014, 3:27 pm

ക്രിക്കറ്റിനെ ബി.സി.സി.ഐ നശിപ്പിക്കുന്നു: രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.സി.സി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണ വിധേയനായ എന്‍ ശ്രീനിവാസനെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് മത്സരിപ്പിക്കാന്‍ അനുമതി തേടിയപ്പോഴാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.

ഏതെങ്കിലുമൊരു വ്യക്തിയെയല്ല, മറിച്ച് ക്രിക്കറ്റിനെ സംരക്ഷിക്കേണ്ട നിലപാടാണ് ബി.സി.സി.ഐ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയായി തന്നെ നലനില്‍ക്കണം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ക്രിക്കറ്റിനെ നശിപ്പിക്കരുതെന്നും മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു.

മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ തന്നെ വീണ്ടും ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവദിക്കണമെന്നാണ് ശ്രീനിവാസന്‍ കോടതിയോട് ആവശ്യപ്പെട്ടത്.

ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങള്‍ ക്രിക്കറ്റിന് നശിപ്പിക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലൂടെ ക്രിക്കറ്റിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.

ഐ.പി.എല്‍ ടീം ഉടമസ്ഥനായ ശ്രീനിവാസന് ബി.സി.സി.ഐ പ്രസിഡന്റിന്റെ ചുമതല എങ്ങനെ വഹിക്കാനാകുമെന്നും കോടതി ചോദിച്ചു. ശ്രീനിവാസന്റെ ടീമിലെ അംഗം വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സുവിശേഷമായാണ് കോടതി കാണുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more