ന്യൂദല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയെ സ്ഥലം മാറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ച് തീരുമാനമെടുത്തതായി തുറന്ന് സമ്മതിച്ച് സുപ്രീം കോടതി കൊളീജിയം.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ഇക്കാര്യം ബുധനാഴ്ച വെളിപ്പെടുത്തിയത്.
ഓഗസ്റ്റ് 25ന് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് അതുല്‍ ശ്രീധരനെ ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍, പിന്നീട് അദ്ദേഹത്തെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി ഉത്തരവാവുകയായിരുന്നു. ഈ തീരുമാനത്തിന് പിന്നില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായെന്നാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ വെളിപ്പെടുത്തല്‍.
2025 ഒക്ടോബര്‍ 14ന് സര്‍ക്കാരിന്റെ ഹരജി പ്രകാരം ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം യോഗത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായ അതുല്‍ ശ്രീധരനെ ഛത്തീസ്ഗഢ് ഹൈക്കോടതിക്ക് പകരം അലഹബാദിലെ ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്‌തെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ജഡ്ജിമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച തീരുമാനങ്ങള്‍ മുമ്പും കൊളീജിയം പുനപരിശോധിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇടപെടലിനെ കുറിച്ചും പുനപരിശോധനക്ക് നിര്‍ബന്ധിച്ചതും പ്രസ്താവനയില്‍ വെളിപ്പെടുത്തുന്നത് ഇത് ആദ്യമായാണ്.
അതേസമയം, മുതിര്‍ന്ന ജസ്റ്റിസായ അതുല്‍ ശ്രീധരനെ ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കില്‍ അദ്ദേഹം സീനിയോരിറ്റിയില്‍ രണ്ടാം സ്ഥാനത്താകുമായിരുന്നു. എന്നാല്‍ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിലൂടെ അദ്ദേഹത്തിന് സീനിയോരിറ്റിയില്‍ ഏഴാം സ്ഥാനമാണ് ലഭിക്കുക. 2016ലാണ് അതുല്‍ ശ്രീധരന്‍ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.
പിന്നീട് 2023ല്‍ അഭിഭാഷകയായ തന്റെ മകള്‍ ഇതേ കോടതിയില്‍ പ്രാക്ടീസിനെത്തുന്നത് ചൂണ്ടിക്കാണിച്ച് അദ്ദേഹം സ്വമേധയാ സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജമ്മു-കശ്മീര്‍, ലഡാക്ക് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.
കശ്മീരിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. പ്രതിരോധ തടങ്കല്‍ കേസുകളില്‍ കൂടുതല്‍ ജുഡീഷ്യല്‍ പരിശോധന നടത്തുകയും സുരക്ഷാനിയമപ്രകാരമുള്ള നിരവധി കേസുകള്‍ ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ വര്‍ഷമാദ്യം മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് തന്നെ അദ്ദേഹം തിരികെയെത്തുകയും ചെയ്തു.
Content Highlight: Supreme Court collegium says there was government interference in the transfer of a judge