| Thursday, 15th December 2016, 5:33 pm

നോട്ട് നിരോധനം; സഹകരണ ബാങ്കുകള്‍ക്ക് ഇളവില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ മാറ്റുന്ന കാര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്കുമേല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ ഇളവില്ലെന്ന് സുപ്രീം കോടതി. പണം മാറ്റിയെടുക്കാന്‍ അടിയന്തര നടപടി വേണമെന്ന ബാങ്കുകളുടെ ആവശ്യം കോടതി പരിഗണിച്ചില്ല.

ജില്ലാ സഹകരണ ബാങ്കുള്‍ക്ക് ഇടപാടുകളില്‍ ഇളവ് നല്‍കാനായി അടിയന്തര നടപടി സ്വീകരിക്കാന്‍ ആവില്ലെന്നും പകരം നവംബര്‍ 10 മുതല്‍ 14 വരെയുള്ള നിക്ഷേപം റിസര്‍വ്വ് ബാങ്കില്‍ അടയ്ക്കാമെന്ന ആനുകൂല്യം നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇളവു നല്‍കിയാല്‍ അതു കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിക്ക് എതിരാവില്ലേയെന്ന് കോടതി ചോദിച്ചു. സഹകരണ ബാങ്കുകള്‍ക്ക് കോടികളുടെ ആസ്തിയുണ്ട്. അതുകൊണ്ട് ഡിസംബര്‍ 30 വരെ കാത്തിരിക്കാനാവില്ലേയെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


ഡിസംബര്‍ 30നു ശേഷം സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് കൊണ്ടുവന്നേക്കാമെന്നും അതിനു ശേഷം വിഷയം പരിഗണിക്കാമെന്നും കോടതി പരാമര്‍ശിച്ചു.


നവംബര്‍ 10 മുതല്‍ 14 വരെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പണം സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. നവംബര്‍ 14നാണ് ഈ ഉത്തരവ് പിന്‍വലിച്ചത്. അതു കൊണ്ടാണ് 14 വരെ സ്വീകരിച്ച പണം റിസര്‍വ് ബാങ്കില്‍ അടയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചത്.

We use cookies to give you the best possible experience. Learn more