| Saturday, 4th October 2025, 1:32 pm

ഇന്ത്യയില്‍ ബുള്‍ഡോസര്‍ നീതിയല്ല, നിയമവാഴ്ചയാണുള്ളത്; ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ നിയമ വ്യവസ്ഥയെ നിയന്ത്രിക്കുന്നത് ബുള്‍ഡോസര്‍ ഭരണമല്ലെന്നും നിയമവാഴ്ചയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ്. ഒരു കാര്യം നിയമപരമാക്കിയത് കൊണ്ട് മാത്രം നീതിയുക്തമാണെന്ന് അര്‍ത്ഥമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൗറീഷ്യസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ ‘ഏറ്റവും വലിയ ജനാധിപത്യത്തിലെ നിയമവാഴ്ച എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റകൃത്യങ്ങളില്‍ പിടിയിലായവരുടെ വീടുകള്‍ തകര്‍ത്തുകളയുന്ന ‘ബുള്‍ഡോസര്‍ നീതി’ക്കെതിരെ താന്‍ 2024ല്‍ പറഞ്ഞ വിധിയെയും ഗവായ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ബുള്‍ഡോസര്‍ ഭരണത്തിലൂടെയല്ല, നിയമവാഴ്ചയിലൂടെയാണ് ഇന്ത്യന്‍ നീതിനായ വ്യവസ്ഥയെ നിയന്ത്രിക്കുന്നതെന്ന് വ്യക്തമായ സന്ദേശം ആ വിധി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തിന് ജഡ്ജിയുടെ ജോലി ചെയ്യാനാവില്ലെന്നും കുറ്റകൃത്യങ്ങള്‍ക്ക് മറുപടിയായി പ്രതികളുടെ വീടുകള്‍ പൊളിക്കുന്നത് നിയമവ്യവസ്ഥയെ ലംഘിക്കുന്നതാണെന്നുമായിരുന്നു 2024ലെ വിധി. അത് ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

‘നിയമവാഴ്ചയെ പലപ്പോഴും ജനങ്ങളുടെ ഭരണമായും നിയമപ്രകാരമുള്ള ഭരണമായും താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍, നേതാക്കള്‍ നിയമം പാലിക്കണമെന്നാണ് യഥാര്‍ത്ഥ നിയമവാഴ്ച. അവര്‍ അതിന് അതീതരല്ല. ഒരു കാര്യം നിയമ വിധേയമാക്കിയാല്‍ അത് നീതിയുക്തമാണെന്ന് അര്‍ത്ഥമാകുന്നില്ലെന്നത് ഓര്‍മിക്കേണ്ടത് പ്രധാനമാണ്. ഇതിന് ചരിത്രത്തില്‍ ഒരുപാട് ഉദാഹരങ്ങളുണ്ട്,’ ഗവായ് പറഞ്ഞു.

അടിമത്തം മുതല്‍ 1871 ലെ ക്രിമിനല്‍ ട്രൈബല്‍ ആക്ട് പോലുള്ള കൊളോണിയല്‍ നിയമങ്ങള്‍ വരെ അതിന് ഉദാരണമാണെന്ന് ഗവായ് പറഞ്ഞു. ഈ നിയമം ആദിവാസി സമൂഹത്തെ ഒന്നാകെ കുറ്റവാളികളായി കണക്കാക്കി. ഇത് വ്യവസ്ഥാപിത അനീതിയെ ശക്തിപ്പെടുത്തിയെന്നും ഇത്തരം നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് തടയാന്‍ രാജ്യദ്രോഹ കുറ്റങ്ങള്‍ പതിവായി ഉപയോഗിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ ഭരണഘടനാ നിലവില്‍ വന്നതിന് ശേഷം നിയമവാഴ്ച എന്ന ആശയം പരിണമിച്ചു. ചരിത്രപരമായ അനീതികള്‍ പരിഹരിക്കാന്‍ ഈ കാലയളവില്‍ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

അതിനാല്‍ നിയമവാഴ്ചയെന്നത് ഒരുകൂട്ടം നിയമങ്ങള്‍ മാത്രമല്ല, തുല്യതയും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാനും വ്യത്യസ്തവും സങ്കീര്‍ണവുമായ സമൂഹത്തില്‍ ഭരണത്തിന് മാര്‍ഗനിര്‍ദേശമേകാനുമുള്ള ധാര്‍മികമായ ചട്ടക്കൂടാണ്, ഗവായ് പറഞ്ഞു.

Content Highlight: Supreme Court Chief Justice BR Gavai says that India is governed by Rule of law not by bulldozer justice

We use cookies to give you the best possible experience. Learn more