| Tuesday, 22nd July 2025, 12:42 pm

ഇങ്ങോട്ട് വരാന്‍ പോലും ധൈര്യമില്ലേ? സി.ബി.ഐയെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സിനെതിരായ കേസ് പരിഗണിക്കുന്നതിനിടെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സി.ബി.ഐ) രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേസില്‍ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനാണ് സി.ബി.ഐയെ കോടതി വിമര്‍ശിച്ചത്.

സി.ബി.ഐയുടെ ഈ പെരുമാറ്റ രീതിയെ ഒരിക്കലും തങ്ങള്‍ സപ്പോര്‍ട്ട് ചെയ്യില്ല. കോടതി നോട്ടീസ് പുറപ്പെടുവിച്ചുകഴിഞ്ഞാല്‍ ഇവിടെ വരണം. സുപ്രീം കോടതിയില്‍ ഹാജരാകില്ലെന്ന് സി.ബി.ഐയ്ക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നും ബെഞ്ച് ചോദിച്ചു.

ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്റെ പ്രൊമോട്ടര്‍മാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ എസ്.ഐ.ടി അന്വേഷണം നടത്തണമെന്ന ഹരജി തള്ളിയ ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

കുറ്റകരമായ കേസ് ഇല്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് ഇ.ഡി പറഞ്ഞതായി ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. സി.ബി.ഐയോട് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആരോപണങ്ങളുടെ സ്വഭാവം അന്വേഷണത്തിനും കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടിനും ആവശ്യമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമായിരുന്നുവെന്നും കോടതി പറഞ്ഞു.

സി.ബി.ഐക്ക് നോട്ടീസ് അയച്ച കാര്യം ചൂണ്ടിക്കാട്ടിയ കോടതി, കോടതിയില്‍ വരാന്‍ പോലും അവര്‍ക്ക് ധൈര്യമില്ലേ? എന്ന് ചോദിച്ചു. കൂടുതല്‍ പഠിക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കൊടികുത്തി സമയം അനുവദിച്ചു. കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും.

Content Highlight: Supreme Court blasts CBI for no-show

We use cookies to give you the best possible experience. Learn more