| Wednesday, 28th October 2026, 5:28 pm

വോട്ടര്‍ പട്ടികകയില്‍ നേരത്തെ ഉണ്ടായിരുന്നവരോട് എന്തിന് ഫോം ആറ് പൂരിപ്പിക്കാന്‍ പറയുന്നു; എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

റെന്വര്‍ പി

ന്യൂദല്‍ഹി: ദല്‍ഹിയിലെ തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുന്നയിച്ച് സുപ്രീം കോടതി. വിവരശേഖരണ ഫോമുകള്‍ പൂരിപ്പിക്കാത്തതിന്റെ പേരില്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരോട് പുതിയ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ ‘ഫോം ആറ്’ ഉപയോഗിക്കാന്‍ എന്തിനാണ് ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു.

ദല്‍ഹി എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അഞ്ജലി ഭരദ്വാജും അമൃത ജോഹ്രിയും സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരായി.

നേരത്തെ തന്നെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നവരാണ് പുറത്തായത്. അവര്‍ക്ക് എന്തിനാണ് പുതിയ വോട്ടര്‍മാര്‍ക്കുള്ള ഫോം ആറ് നിര്‍ദേശിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു. ഫോം ആറ് എന്നത് ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കുള്ളതാണ്. അതില്‍ അപേക്ഷകര്‍ തങ്ങള്‍ മുമ്പ് വോട്ട് ചെയ്തിട്ടില്ലെന്ന് സത്യപ്രസ്താവന നടത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ദല്‍ഹിയില്‍, വിലാസം മാറിയതുകൊണ്ടോ അല്ലെങ്കില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി താല്‍ക്കാലികമായി നഗരത്തിന് പുറത്തേക്ക് പോയതുകൊണ്ടോ പലര്‍ക്കും വിവരശേഖരണ ഫോമുകള്‍ ലഭിച്ചിട്ടുണ്ടാകില്ല. ഇത്തരക്കാര്‍ക്ക് ഫോം ആറ് പൂരിപ്പിക്കുന്നതിന് പകരം, വിവരശേഖരണ ഫോമുകള്‍ പൂരിപ്പിക്കാനോ അല്ലെങ്കില്‍ വിലാസമാറ്റം അറിയിക്കുന്നതിനായി ഫോം എട്ട് സമര്‍പ്പിക്കാനോ അവസരം നല്‍കിക്കൂടേ എന്ന് കോടതി ചോദിച്ചു.

കോടതി ഉന്നയിക്കുന്ന ആശങ്കകള്‍ അധികൃതര്‍ പരിശോധിക്കുമെന്നും പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡു പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 47 ലക്ഷം വോട്ടര്‍മാരില്‍ 43 ലക്ഷം പേരും സ്ഥിരമായി താമസം മാറിയവരോ അല്ലെങ്കില്‍ സ്ഥലത്തില്ലാത്തവരോ ആണെന്ന് കാണിച്ചിരിക്കുന്നതായി പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് ആര്‍ക്കും വിവരശേഖരണ ഫോമുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഈ വിഷയം പരിശോധിക്കാനും, വൈകി സമര്‍പ്പിക്കുന്ന വിവരശേഖരണ ഫോമുകള്‍ (എന്‍യുമറേഷന്‍ ഫോമുകള്‍) സ്വീകരിക്കുന്നത് പരിഗണിക്കാനുമായി ആവശ്യമെങ്കില്‍ ഒക്ടോബര്‍ 30 എന്ന സമയപരിധി നീട്ടാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷനോട് ആവശ്യപ്പെട്ടു.

വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ഉപയോഗിക്കുന്ന ‘ലോജിക്കല്‍ ഡിസ്‌ക്രിപെന്‍സി’ അഥവാ ‘യുക്തിപരമായ പൊരുത്തക്കേട്’ എന്ന വിഭാഗത്തിന്റെ നിയമസാധുതയെക്കുറിച്ച് കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlight:  Supreme Court Asks Why Voters Already On 2026 Roll Must File Form 6 In Delhi SIR

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more