| Wednesday, 18th February 2026, 7:19 am

ഹിമന്തയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ഹരജി; രാഷ്ട്രീയപാര്‍ട്ടികള്‍ സാഹോദര്യം വളര്‍ത്തിയെടുക്കണമെന്ന് സുപ്രീം കോടതി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ സാഹോദര്യം വളര്‍ത്തിയെടുക്കണമെന്നും ഭരണഘടനാ ധാര്‍മികത പാലിക്കണമെന്നും സുപ്രീം കോടതി. സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നുള്ള ഭരണഘടനാവിരുദ്ധമായ പ്രസംഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗനിദേശങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ബി.വി. നഗരത്‌ന, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നിരന്തരമായ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി 12 പേരുടെ ഒരു സംഘമാണ് ഹരജി ഫയല്‍ ചെയ്തത്.

ഇതില്‍ മുന്‍ സിവില്‍ സര്‍വീസുകാരും നയതന്ത്രഞ്ജരും അക്കാദമിക വിദഗ്ധരും സിവില്‍ സൊസൈറ്റി അംഗങ്ങളുമാണ് ഉള്‍പ്പെടുന്നുന്നത്.

ഹരജി ‘ഒരാളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്’ എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഹരജിയില്‍ ചില ആളുകളെ പ്രത്യേകം തെരഞ്ഞെടുക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഈ നീക്കം സ്വീകാര്യമല്ലെന്നും നീതി പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരജി പിന്‍വലിച്ച് ഭരണഘടനാ തത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ അപേക്ഷ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

മാത്രമല്ല, ഒരു പ്രത്യേക പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരാണെന്ന പ്രതീതി ഹരജിക്കാര്‍ സൃഷ്ടിക്കരുതെന്നും സൂര്യകാന്ത് പറഞ്ഞു. ഹരജി എല്ലാ വശങ്ങളില്‍ നിന്നും സംയമനം പാലിച്ചുകൊണ്ടാകണമെന്ന് ജസ്റ്റിസ് നഗരത്‌നയും പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ രാജ്യത്ത് സാഹോദര്യം വളര്‍ത്തിയെടുക്കണമെന്നും നഗരത്‌ന പറഞ്ഞു.

പിന്നാലെ ശര്‍മക്കെതിരായ ഹരജിയിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം ഹരജിയില്‍ ഒരു തീരുമാനമെടുക്കണമെന്നും ഭരണഘടനാപരമായ ചില പ്രശ്‌നങ്ങള്‍ പരിശോധിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. ഈ ഹരജി ഏതെങ്കിലും ഒരു വ്യക്തിയ്ക്ക് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ വിദ്വേഷ പ്രസംഗം നടത്തുന്നത് തെരഞ്ഞെടുപ്പിന് മുമ്പാണെങ്കിലും, തെരഞ്ഞെടുപ്പ് സമയത്ത് അവ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുമെന്നും സിബല്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്തണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

Content Highlight: Supreme Court asks political parties to develop brotherhood

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more