| Tuesday, 7th October 2025, 4:37 pm

ഒഴിവാക്കിയവരുടെ വിശദാംശങ്ങള്‍ ഹാജരാക്കണം; ബീഹാറിലെ എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീം കോടതി. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിശദാംശങ്ങള്‍ തേടിയത്.

തുടര്‍ നടപടികള്‍ സുതാര്യമാക്കണമെന്നും കോടതി പറഞ്ഞു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ കഴിയില്ലേയെന്നും കോടതി ചോദിച്ചു.

അതേസമയം ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും എസ്.ഐ.ആറില്‍ പരാതിപ്പെട്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിക്ക് മുമ്പാകെ പറഞ്ഞു. കേസ് ഒക്ടോബര്‍ ഒമ്പതിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

സെപ്റ്റംബര്‍ 15ന് നടന്ന വാദത്തില്‍, നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് എസ്.ഐ.ആര്‍ നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിക്രമങ്ങള്‍ റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ സെപ്റ്റംബര്‍ 30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിക്കിയ വോട്ടര്‍ പട്ടികയില്‍ 7.42 ലക്ഷം സമ്മതിദായകരാണുള്ളത്.

3.66 ലക്ഷം ആളുകളെ ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ വോട്ടര്‍ പട്ടിക പുറത്തിറക്കിയത്. എന്നാല്‍ 21 ലക്ഷത്തിലധികം പുതിയ ആളുകളാണ് ബീഹാറില്‍ ഈ വര്‍ഷം വോട്ട് ചേര്‍ത്തത്.

നിലവില്‍ ഈ രണ്ട് വോട്ടര്‍ പട്ടികയും തമ്മില്‍ താരതമ്യം ചെയ്യണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വാദിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് ഒറ്റ ക്ലിക്കിലൂടെ ചെയ്യാന്‍ സാധിക്കുന്നതാണെന്നും ഭൂഷണ്‍ പറഞ്ഞു.

അഭിഭാഷകന്റെ ആവശ്യത്തോട് പ്രതികരിച്ച ജസ്റ്റിസ് സൂര്യകാന്ത്, നിങ്ങള്‍ ഇതെല്ലാം ആര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നാണ് ചോദിച്ചത്. ആവശ്യക്കാര്‍ ആരും തന്നെ കോടതിയെ സമീപിക്കില്ലേയെന്നും കോടതി ചോദിച്ചു.

ബീഹാറില്‍ നവംബര്‍ ആറ്, നവംബര്‍ 11 എന്നീ തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ച തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബീഹാറില്‍ നടന്നത് വെട്ടിമാറ്റലല്ല, ശുദ്ധികലശമാണെന്ന് പറഞ്ഞിരുന്നു. രാജ്യത്തുടനീളം ഇത്തരത്തില്‍ ശുദ്ധികലശം നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രതികരിച്ചിരുന്നു.

Content Highlight: Supreme Court asks Election Commission to produce details of those excluded in Bihar voter list

We use cookies to give you the best possible experience. Learn more