| Tuesday, 13th May 2025, 7:58 pm

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുപ്രീം കോടതിക്കും പങ്ക്; അവിടെയിരിക്കുന്നത് കൊളീജിയം എമ്പുരാന്മാര്‍: ആര്‍.എസ്.എസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ സുപ്രീം കോടതിക്കും പങ്കുണ്ടെന്ന് ആര്‍.എസ്.എസ് ദേശീയ നേതാവ് ജെ. നന്ദകുമാര്‍.

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായെന്നും അതിലൂടെ ഭീകരര്‍ക്ക് അക്‌സസുള്ള ഒരു സര്‍ക്കാരാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജെ. നന്ദകുമാര്‍.

സുപ്രീം കോടതി തന്നെ ശിക്ഷിച്ചാലും പ്രശ്നമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആര്‍.എസ്.എസ് നേതാവ് പ്രസംഗിച്ചത്. സുപ്രീം കോടതിയിലെ ജഡ്ജിമാരെ കൊളീജിയം തിരുമേനിമാര്‍, കൊളീജിയം എമ്പുരാന്മാര്‍ എന്നിങ്ങനെയും ജെ. നന്ദകുമാര്‍ അധിക്ഷേപിച്ചു.

ഇത്തരത്തിലുള്ളവര്‍ ഇരുന്ന് അവരുടെ മക്കള്‍ക്കും മരുമക്കള്‍ക്കും കൂട്ടുകാര്‍ക്കും വീട്ടില്‍ പണിയെടുക്കുന്നവര്‍ക്കും ജഡ്ജിയുദ്യോഗം കൊടുക്കാന്‍ വേണ്ടി ഒരു സ്ഥാപനം ഉണ്ടാക്കിയെന്നും നന്ദകുമാര്‍ പറഞ്ഞു.

ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തിയതെന്നും എന്നാല്‍ അതിലൂടെ ഭീകരവാദികള്‍ക്ക് അക്‌സസുള്ള ഒരു സര്‍ക്കാരാണ് ഉണ്ടായതെന്നും ആര്‍.എസ്.എസ് നേതാവ് ആരോപിച്ചു. ആളുകള്‍ തമ്മില്‍ തെരുവില്‍ നടക്കുന്ന തല്ലുപോലെ, എക്‌സിക്യുട്ടീവും ജുഡീഷ്യറിയും ലജിസ്ലേച്ചറും തമ്മില്‍ത്തല്ലരുതെന്ന ബോധ്യമുള്ളതുകൊണ്ടാണ് കേന്ദ്രം തെരഞ്ഞെടുപ്പ് നടത്തിയതെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യണമെന്ന് തീരുമാനിച്ചത് ഭരണഘടനാ വിരുദ്ധമായിട്ടല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ വോട്ട് ചെയ്താണ് ബില്‍ പാസായതെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. എന്നാല്‍ ബില്‍ പാസാക്കേണ്ട സര്‍ക്കാരിന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് നടത്താന്‍ അന്ത്യശാസനം നല്‍കുകയാണ് ചെയ്തതെന്നും ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ പ്രസിഡന്റിനും ഗവര്‍ണമാര്‍ക്കും അന്ത്യശാസനം കൊടുത്തില്ലേയെന്നും ജെ. നന്ദകുമാര്‍ ചോദിച്ചു. ജമ്മുവിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ജെ. നന്ദകുമാറിന്റെ പരാമര്‍ശം.

അതേസമയം 2022ല്‍ നടന്ന അനന്തപുരി സമ്മേളനത്തില്‍ വെച്ച് ബി.ജെ.പി നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.

ഹിന്ദുക്കളെ വന്ധ്യംകരിച്ച് ജനസംഖ്യ കുറക്കാന്‍ വേണ്ടി മുസ്‌ലിം ഹോട്ടലുകള്‍ പാനീയത്തില്‍ തുള്ളിമരുന്ന് ചേര്‍ക്കുന്നുവെന്നാണ് പി.സി. ജോര്‍ജ് പറഞ്ഞത്. തുടര്‍ന്ന് വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഹിന്ദു ധര്‍മ പരിഷത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയാണ് അനന്തപുരി ഹിന്ദു സമ്മേളനം.

Content Highlight: Supreme Court also had a role in Pahalgam terror attack: RSS leader J Nandakumar

Latest Stories

We use cookies to give you the best possible experience. Learn more