| Wednesday, 11th March 2026, 12:40 pm

13 വര്‍ഷമായി കോമയില്‍; ഹരീഷ് റാണയുടെ ദയാവധം നടപ്പാക്കാമെന്ന് സുപ്രീം കോടതി; രാജ്യത്ത് ആദ്യം

അനിത സി

ന്യൂദല്‍ഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. 13 വര്‍ഷമായി കോമ സ്‌റ്റേജില്‍ തുടരുന്ന 32കാരനായ ഹരീഷ് റാണയുടെ നിഷ്‌ക്രിയ ദയാവധത്തിനാണ് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഹരീഷിന് നല്‍കി വരുന്ന വെന്റിലേറ്റര്‍ സഹായം പിന്‍വലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.

നിഷ്‌ക്രിയ ദയാവധത്തിന്റെ നിയമസാധുത അംഗീകരിച്ച 2018ലെ സുപ്രീം കോടതി വിധിയുടെ നിരവധി വശങ്ങള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുച്ചിരിക്കുന്നത്. രണ്ട് മെഡിക്കല്‍ ബോര്‍ഡുകളുടെ റിപ്പോര്‍ട്ടുകളും കോടതി വിധി പുറപ്പെടുവിക്കും മുമ്പ് പരിഗണിച്ചിരുന്നു.

ഹരീഷ് റാണയുടെ ദയാവധം ഒറ്റയടിക്ക് നടപ്പാക്കരുതെന്നും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പതിയെ നിര്‍ത്തലാക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഫീഡിംഗ് ട്യൂബുകള്‍ വഴി നല്‍കുന്ന ഭക്ഷണം ഉള്‍പ്പടെയുള്ള ക്ലിനിക്കലായി നല്‍കുന്ന പോഷകാഹാരവും വെള്ളവും ചികിത്സയുടെ ഭാഗമാണെന്ന് കോടതി നിരീക്ഷിച്ചു.

ഹരീഷ് റാണയ്ക്ക് പോഷകാഹാരം നിര്‍ദേശിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് മെഡിക്കല്‍ ഇടപെടലിലൂടെയായതിനാല്‍ ഇവ തുടരുന്നത് രോഗിയുടെ താത്പര്യത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയാല്‍ അത് പിന്‍വലിക്കാമെന്ന് കോടതി പറഞ്ഞു.

ഡോക്ടറുടെ കടമ രോഗിയെ ചികിത്സിക്കുക എന്നതാണെങ്കിലും രോഗി സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്ലെങ്കില്‍ ആ കടമയ്ക്ക് അര്‍ത്ഥമില്ലെന്ന് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.

രോഗിയുടെ ചികിത്സ പിന്‍വലിക്കാനായി എയിംസ് പാലിയേറ്റീവ് കെയറില്‍ രോഗിക്ക് പ്രവേശനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹരീഷ് റാണയുടെ കുടുംബം പ്രത്യേകിച്ച് പ്രായമായ മാതാപിതാക്കള്‍ വര്‍ഷങ്ങളായി നിസ്വാര്‍ത്ഥമായി അദ്ദേഹത്തെ പരിപാലിച്ചുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ ഒരിക്കലും ഉപേക്ഷിച്ചില്ലെന്നും കോടതി പറഞ്ഞു.

പഞ്ചാബ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരിക്കെ 2013ലാണ് ഹരീഷ് റാണ താമസസ്ഥലത്തെ നാലാം നിലയില്‍ നിന്നും താഴേക്ക് തെന്നി വീണത്. വീഴ്ചയില് ഗുരുതരമായി പരിക്കേറ്റ ഹരീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെങ്കിലും അദ്ദേഹം സ്ഥിരമായ വെജിറ്റേഷന്‍ അവസ്ഥയിലാവുകയായിരുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം റാണയ്ക്ക് ഉറക്കവും ഉണര്‍വും അല്ലാതെ മറ്റ് ചലനങ്ങളോ പ്രതികരണങ്ങളോ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അപകടത്തിന് ശേഷം ശരീരത്തില്‍ ഘടിപ്പിച്ച പി.ഇ.ജി ഫീഡിങ് ട്യൂബ് വഴി നല്‍കുന്ന ക്ലിനിക്കല്‍ പോഷകാഹാരത്തിലൂടെയാണ് ഹരീഷിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

വര്‍ഷങ്ങളായി കിടപ്പിലായ ഹരീഷിന്റെ അവസ്ഥയില്‍ പുരോഗതി ഇല്ലാത്തതിനാലാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സ പിന്‍വലിക്കാനായി അനുമതി തേടി കോടതിയെ സമീപിച്ചത്.

കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും തുടര്‍ ചികിത്സയിലും പുരോഗതിക്ക് സാധ്യതയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡുകള്‍ വിധിയെഴുതിയതോടെയാണ് ദയാവധത്തിന് അപേക്ഷ നല്‍കാന്‍ കുടുംബം നിര്‍ബന്ധിതരായത്.

2011ലാണ് അരുണ ഷാന്‍ബാഗ് vs യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ വിധിന്യായത്തിലാണ് അസാധാരണമായ സാഹചര്യങ്ങൡ നിഷ്‌ക്രിയ ദയാവധം രാജ്യത്ത് നിയമവിധേയമാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.

Content Highlight: In a coma for 13 years; Supreme Court allows euthanasia of Harish Rana; First in the country

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more