| Friday, 16th February 2018, 10:33 pm

അടച്ചുപൂട്ടിയ സ്‌കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മലാപറമ്പ്, കിരാലൂര്‍, പാലോട്ട് സ്‌കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ശരിവെച്ച് സുപ്രീംകോടതി. ഇതുസംബന്ധിച്ച് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

പൊതുതാല്‍പര്യം പരിഗണിച്ച് സര്‍ക്കാരിന് സ്‌കൂള്‍ ഏറ്റെടുക്കാം. കേരള വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകളാണ് സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതില്‍ ആത്യന്തികമെന്നും സുപ്രീംകോടതി വിലയിരുത്തി. ഇത് ഭരണഘടനാപരവും, നിയമപരവുമാണെന്നും കോടതി വിലയിരുത്തി.

സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ ഈ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

സ്‌കൂള്‍ ഏറ്റെടുത്തത് അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് മുന്‍ മാനേജര്‍മാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. വിദ്യാഭ്യാസാവകാശ നിയമപ്രകാരം സ്‌കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിസഭയും നിയമസഭയും ഇക്കാര്യത്തില്‍ കൈക്കൊണ്ട തീരുമാനത്തില്‍ അപാകതയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ഭരണഘടനാപരവും നിയമ പരവുമായ ബാധ്യത നിറവേറ്റുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏറ്റെടുത്ത സ്‌കൂളുകളുടെ മാനേജ്മെന്റുകകള്‍ക്ക് വിജ്ഞാപനം ഇറങ്ങിയ ദിവസത്തെ ഭൂമി വില നല്‍കണമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more