ന്യൂദല്‍ഹി: ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 31ലേക്ക് മാറ്റി സുപ്രീം കോടതി.
ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് സുപ്രീം കോടതി കേസ് മാറ്റിവെച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍.വി. അഞ്ജരിയയുമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
എന്നാല്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മറുപടി പറയാന്‍ പൊലീസിന് ഇതിനകം സമയം നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
യു.എ.പി.എ കേസില്‍ അറസ്റ്റിലായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലില്‍ തുടരുന്ന ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗള്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ രണ്ടാഴ്ച കൂടി സമയം നല്‍കണമെന്നാണ് ദല്‍ഹി പൊലീസ് കോടതിയോട് ആവശ്യപ്പെട്ടത്. പക്ഷേ പൊലീസിന്റെ ഈ ആവശ്യം കോടതി തള്ളി. സോളിസിറ്ററുടെ ആവശ്യം നിരസിച്ച കോടതി, ഒക്ടോബര്‍ 31ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.
‘നിങ്ങള്‍ ആദ്യമായിട്ടായിരിക്കും ഈ കേസില്‍ കോടതിയില്‍ ഹാജരാകുന്നത്. എന്നാല്‍ ഞങ്ങള്‍ ആവശ്യത്തിന് സമയം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഒക്ടോബര്‍ 27ന് തന്നെ ഈ കേസ് തീര്‍പ്പാക്കുമെന്ന് അറിയിച്ചിരുന്നതാണ്. ഈ കേസില്‍ ഇനിയെങ്കിലും എന്തെങ്കിലും പുറത്തുകൊണ്ടുവരാന്‍ കഴിയുമോ?,’ സുപ്രീം കോടതി പൊലീസിനെ ഓര്‍മിപ്പിച്ചു.
ഉമര്‍ ഖാലിദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹരജിക്കാര്‍ ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി. ദല്‍ഹി കലാപക്കേസിലെ നീണ്ടുപോകുന്ന വിചാരണ നടപടികളെ കുറിച്ച് അഭിഭാഷകന്‍ അഭിഷേക് സിങ് വിയും പരാമര്‍ശിച്ചു.
സെപ്റ്റംബര്‍ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം അടക്കം ഒമ്പത് പേര്‍ക്ക് ദല്‍ഹി ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു.
ഇതിനുപിന്നാലെ ഹരജിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 22ന് സുപ്രീം കോടതി ദല്‍ഹി പൊലീസിന് നോട്ടീസ് അയയ്ക്കുകയും കേസില്‍ പ്രതികരണം തേടുകയും ചെയ്തിരുന്നു.
Content Highlight: Supreme Court adjourns hearing on bail plea of Umar Khalid and others to October 31