കൊളംബിയ: കൊളംബിയ യൂണിവേഴ്‌സിറ്റിക്കെതിരെ കേസ് ഫയല്‍ ചെയത് ഫലസ്തീന്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും. ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും നേരെ വിവേചനം നടക്കുന്നതായി കാണിച്ചാണ് മാനനഷ്ട കേസ് നല്‍കിയിരിക്കുന്നത്.
യൂണിവേഴ്‌സിറ്റിയില്‍ നിലനില്‍ക്കുന്ന ശത്രുതാപരമായ അന്തരീക്ഷത്തില്‍ തങ്ങളെ സംരക്ഷിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ പറയുന്നു.
ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനും ‘കഫിയ’ ധരിച്ചതിനും വിദ്യാര്‍ത്ഥികള്‍ക്കെതിരെ യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റി ഓഫീസ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.
ലക്ചററും മുന്‍ നരവംശശാസ്ത്ര വിദ്യാര്‍ത്ഥിയുമായ ഹദീല്‍ അസ്സാമി, മുന്‍ ലക്ചറര്‍ ബഹിയ മുനേം, പി.എച്ച്.ഡി വിദ്യാര്‍ത്ഥി മഹ്ദി സബ്ബാഗ്, വിദ്യാര്‍ത്ഥി നേതാവ് മറിയം അല്‍വാന്‍, ലൈല സാലിബ തുടങ്ങിയവരാണ് കേസ് നല്‍കിയത്.
ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ സുരക്ഷാ ഭീഷണികളെയും പീഡനങ്ങളെയും കുറിച്ച് നല്‍കിയ പരാതികള്‍ യൂണിവേഴ്സിറ്റി മനപൂര്‍വ്വം അവഗണിച്ചതായും പരാതിയില്‍ പറയുന്നു. ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം കോളേജില്‍ നിന്നും പുറത്താക്കല്‍, സസ്പെന്‍ഷന്‍, ബിരുദം റദ്ദാക്കല്‍ തുടങ്ങിയ കഠിനമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവെന്നും ആരോപണമുണ്ട്.
ക്യാമ്പസിനുള്ളില്‍ വെച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്ന രീതിയിലുള്ള പീഡനങ്ങളും ഉണ്ടായിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും കേസില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കൊളംബിയ യൂണിവേഴ്സിറ്റി അധികൃതര്‍ തയ്യാറായിട്ടില്ല.
വംശം, പൗരത്വം തുടങ്ങിയ കാരണങ്ങളാലുള്ള വിവേചനവും ഉപദ്രവവും നിരോധിക്കുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ മനുഷ്യാവകാശ നിയമപ്രകാരം സാമ്പത്തിക നഷ്ടപ്രകാരം ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്.
Content Highlight: Suppression of pro-Palestine voices: Students and staff file complaint against Columbia University.