| Monday, 4th August 2025, 4:02 pm

നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചരിത്രത്തിന്റെ രാജപാതകളിലേക്ക് അവര്‍ കടന്നുവരിക തന്നെ ചെയ്യും; പുഷ്പവതിയെ പിന്തുണച്ച് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപിച്ച, ഗായികയും സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണുമായ പുഷ്പവതിയെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. പുഷ്പവതി കേരളത്തിന്റെ അഭിമാനമായ ഗായികയാണെന്നും ആത്മബോധത്തിന്റെയും അവകാശബോധത്തിന്റെയും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തന്റെ സര്‍ഗാവിഷ്‌കാരം നിര്‍വഹിക്കുന്നളാണ് പുഷ്പവതിയെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പുഷ്പവതിയെ പിന്തുണച്ചുകൊണ്ടും അധിക്ഷേപിച്ച അടൂരിനെ വിമര്‍ശിച്ചുകൊണ്ടും രംഗത്തെത്തിയത്.

വഴിയേ പോയ പെണ്ണുങ്ങള്‍ക്ക് ചലച്ചിത്ര കോണ്‍ക്ലേവില്‍ കയറി വരാന്‍ എന്തധികാരം എന്നായിരുന്നു അടൂര്‍ അധിക്ഷേപിച്ചുകൊണ്ട് ചോദിച്ചത്. എന്നാല്‍ അടൂര്‍ ഇങ്ങനെ ചോദിക്കുന്നത് എന്തധികാരത്തിന്റെ പുറത്താണെന്ന് മന്ത്രി ചോദിച്ചു. കര്‍ണടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും നാടന്‍ പാട്ടും ചലച്ചിത്രഗാനങ്ങളും എല്ലാം ഹൃദയഹാരിയായി അവതരിപ്പിക്കുന്ന പാട്ടുകാരിയാണ് പുഷ്പവതിയെന്നും അവര്‍ കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സാണെന്നും മന്ത്രി അടൂരിനെ ഓര്‍മിപ്പിക്കുന്നു.

ചരിത്രത്തില്‍ നിന്നു മാത്രമല്ല, സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രസ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരുടെ തിരിച്ചറിവിന്റെ പ്രതീകമായ പൊയ്കയില്‍ അപ്പച്ചന്റെ വരികള്‍ക്ക് സംഗീതം നല്‍കി ആലപിച്ച വ്യക്തിയാണ് പുഷ്പവതി. നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവര്‍ ചരിത്രത്തിന്റെ രാജപാതകളിലേക്ക് കടന്നുവരിക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പുഷ്പവതി ആലപിച്ച പൊയ്കയില്‍ അപ്പച്ചന്റെ ‘കാണുന്നീലാ ഒരക്ഷരവും എന്റെ വംശത്തെ പറ്റി കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍’ എന്ന വരികള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രി പുഷ്പവതിക്കുള്ള പിന്തുണയും അടൂരിനോടുള്ള പ്രതിഷേധവും അറിയച്ചത്.

ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഗായികയും സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണുമായ പുഷ്പതിയെ അധിക്ഷേപിച്ച് സംസാരിച്ചത്. കഴിഞ്ഞ ദിവസം ഫിലിംകോണ്‍ക്ലേവില്‍ വെച്ച് അടൂര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളോട് അവിടെ വെച്ചു തന്നെ പുഷ്പവതി പ്രതിഷേധിച്ചിരുന്നു. ഇതാണ് അടൂരിലെ ചൊടിപ്പിച്ചത്.

പിന്നാലെയാണ് ഇന്ന് കൂടുതല്‍ അധിക്ഷേപ പരാമര്‍ശങ്ങളുമായി അടൂര്‍ രംഗത്തെത്തിയത്. തന്നെ പോലൊരാള്‍ സംസാരിക്കുന്നത് തടസ്സപ്പെടുത്താന്‍ പുഷ്പവതി ആരാണെന്നും വഴിയിലൂടെ പോകുന്ന സ്ത്രീകള്‍ക്ക് കയറി അഭിപ്രായം പറയാന്‍ ഫിലിം കോണ്‍ക്ലേവ് ചന്തയല്ലെന്നുമായിരുന്നു അടൂരിന്റെ പരാമര്‍ശം.

CONTENT HIGHLIGHTS: Supporting singer Pushpathi and criticizing Adoor, Minister R. Bindu

We use cookies to give you the best possible experience. Learn more